പാലോട്: സംരക്ഷിത വനമേഖലയിലെ വൈഡൂര്യഖനനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതസംഘമെത്തി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് വൈഡൂര്യഖനനം നടന്ന ഇടിഞ്ഞാർ മണച്ചാലിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തോടെ പാലോട് റേഞ്ച് ഒാഫീസിൽ എത്തിയ ശേഷമാണ് മണച്ചാലിലേക്കു പോയത്. കൊല്ലം സി.സി.എഫ്. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് എത്തിയത്. ഇടിഞ്ഞാർ ബ്രൈമൂറിൽനിന്ന്‌ അഞ്ച് കിലോമീറ്റർ കാൽനടയും ജീപ്പ്‌ യാത്രയുമൊക്കെയായിട്ടാണ് സംഘം മണച്ചാലിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രണ്ട് കുഴികൾ കണ്ടെത്തി. ഇവയ്ക്ക് അധികം കാലപ്പഴക്കമില്ലെന്നും കണ്ടെത്തി.

നല്ല മഴക്കാലമായിട്ടുപോലും ഒന്നിലധികംപേർ ഇവിടെ താമസിച്ചിരുന്നതിന്റെ ശേഷിപ്പുകളുമുണ്ട്. മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. പാറ പൊട്ടിക്കുന്നതിനുള്ള വലിയ ചുറ്റികകൾ, കമ്പിപ്പാരകൾ, വെള്ളം വറ്റിക്കുന്നതിനുള്ള ചെറിയ മോേട്ടാറുകൾ എന്നിവയും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്.

വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ്ഡിന്റെ അരക്കിലോമീറ്റർ അകലെയാണ് ഖനനം നടത്തിയിരിക്കുന്നത്. ഖനനം നടന്നൂയെന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ വനംവകുപ്പ് വാച്ചർമാരെ പിൻവലിച്ചതിലും ദുരൂഹതയുള്ളതായി ആരോപണമുണ്ട്.

വർഷങ്ങൾക്കു മുൻപ് ഇവിടെ ഖനനം നടത്തിയതിന് ഭരതന്നൂർ സ്വദേശികളെ പിടികൂടിയിരുന്നു. ഈ സംഘത്തിലെ ചിലരെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയില്ലാതെ ഇത്രയധികം ആധുനിക സൗകര്യങ്ങളോടെ വൈഡൂര്യഖനനം നടക്കില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നേരത്തെയും ഇവിടെ വൈഡൂര്യഖനനം നടത്തിയ സംഭവത്തിൽ ആറുപേരെ അറസ്റ്റുചെയ്തിരുന്നു. അന്നും വനപാലകരുടെ സഹായത്തോടെയാണ് സംഘം ഖനനം നടത്തിയത്. കുറ്റക്കാരെന്നു കണ്ടെത്തിയ ജീവനക്കാരെ സ്ഥലംമാറ്റുക മാത്രമാണ് അന്ന് ചെയ്തത്. കനത്ത മഴയായതിനാൽ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡുകളെ ഇപ്പോൾ പിൻവലിച്ചുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഖനനം നടത്തി പിടിക്കപ്പെട്ട പ്രതികളെയും ചോദ്യംചെയ്യുന്നുണ്ട്. അന്നത്തെ സംഘം ഇപ്പോൾ പല ഗ്രൂപ്പുകളായി എന്നാണ് വിവരം.

മണച്ചാൽ, വൈഡൂര്യം തേടുന്നവരുടെ ഇഷ്ടസ്ഥലം

പൊന്മുടിയുടെ അടിവാരമായ മണച്ചാലാണ് വൈഡൂര്യം തേടുന്നവരുടെ ഇഷ്ടഖനി. വർഷങ്ങളായി ഇവിടെ ഒളിഞ്ഞും തെളിഞ്ഞും വൈഡൂര്യഖനനം നടക്കുന്നുണ്ട്. രണ്ടുവർഷം മുമ്പ് ആറുപേർ അറസ്റ്റിലായി. മൃഗവേട്ടയും വൈഡൂര്യഖനനവുമായി തമ്പടിച്ചിരുന്നവരായിരുന്നു സംഘം. പാലോട് േറഞ്ചിൽ ബ്രൈമൂറിൽ നിന്നും അഞ്ച് കിലോമീറ്റർ ഉൾവനത്തിലാണ് മണച്ചാൽ. കാൽനടയാണ് ആശ്രയം. ബ്രൈമൂറിലെത്തിയ ബ്രിട്ടീഷുകാരുടെ കുതിരപ്പാത്തിയായിരുന്നു ഇവിടം. ബ്രിട്ടീഷുകാർ നിർമിച്ച അയ്യപ്പക്ഷേത്രവും ഈ ഉൾവനമധ്യത്തിലുണ്ട്.

Content Highlights: Chrysoberyl mining Ponmudy