കോട്ടയം: പാലൊളി തൂവിയ ക്രിസ്മസ് രാവിൽ ആയിരങ്ങളുടെ ആർപ്പുവിളിക്കിടെ മാനത്തേക്കുയർന്നുപൊങ്ങി മറഞ്ഞ ആ കൂറ്റൻ വർണപ്പേപ്പർ ബലൂണിന് ചൊവ്വാഴ്ച 84 വയസ്സ് പൂർത്തിയായി. ധനുമാസക്കുളിരിന് ഓർമകളുടെ ചൂടുപകർന്ന് പതിവുതെറ്റാതെ 85-ാം പിറന്നാൾ രാത്രിയിലും ഒരു കടലാസ് ബലൂൺ നക്ഷത്രങ്ങളെത്തേടിപ്പോയി.

കോട്ടയം സി.എസ്.െഎ. ഹോളി ട്രിനിറ്റി കത്തീഡ്രൽ ചർച്ചിന്റെ 92-ാം കരോൾ സർവീസിനുശേഷമാണ് പരമ്പരാഗതമായ കടലാസ് ബലൂൺ ഉയർത്തൽ ചടങ്ങ് നടന്നത്. ഭൂമിക്ക് പ്ലാസ്റ്റിക് ഭീഷണിയാകുന്നകാലത്ത്, കടലാസ് ബലൂൺ നിർമ്മാണത്തിന്റെ പാരമ്പര്യം കൈവിടാത്ത പുതുതലമുറ പിതാക്കന്മാരുടെ സ്മരണകളിൽ ഒരിക്കൽക്കൂടി പരിസ്ഥിതിയോടുള്ള കരുതൽ ഒട്ടിച്ചുചേർത്തു.

പേപ്പർ കൊണ്ടുള്ള ബലൂൺ ഇത്രയേറെ ഉയരത്തിലേക്ക് പോകുന്നത് നിർമ്മാണത്തിലെ സൂക്ഷ്മത കൊണ്ടാണ്. 4000 അടി ഉയരത്തിൽവരെ ഇത് പൊങ്ങും. 20 മിനിറ്റ്‌ വരെ കാണാനാവും. ബട്ടർ പേപ്പറും ട്രേസിങ്‌ പേപ്പറും ഒന്നിടവിട്ട് ഒട്ടിച്ചാണ് ബലൂൺ ഉണ്ടാക്കുക. 80 ഷീറ്റുകൾ വേണം. ഒരു മൊട്ടുസൂചിക്കുത്ത് വീണാൽപ്പോലും കാറ്റുചോർന്ന് ബലൂൺ പൊങ്ങാതാകും. ചുവട്ടിൽ വൃത്താകൃതിയിൽ അലുമിനിയം ഫ്രെയിം. ചുവട്ടിൽ 75 സെ.മീ. വ്യാസം. മുകളിൽ മൂന്നു മീറ്ററും. നീളം അഞ്ചു മീറ്റർ.

പള്ളിയിലെ ക്രിസ്മസ് കരോൾ കഴിഞ്ഞാൽ എല്ലാവരും തൊട്ടുമുന്നിലെ ഗ്രൗണ്ടിൽ കൂടും. പണ്ട് ചൂട്ട്‌ കത്തിച്ച് ചൂടുവായു കയറ്റി ബലൂൺ വികസിപ്പിച്ച് നേരെനിന്നാൽ മണ്ണെണ്ണ ഒഴിച്ച് ഉള്ളിലെ പന്തം കത്തിച്ചായിരുന്നു വിക്ഷേപിച്ചിരുന്നത്. ഇപ്പോൾ പന്തത്തിൽ സ്പിരിറ്റ് ഒഴിച്ച് മണ്ണെണ്ണയും ചേർത്താണ് കത്തിക്കുക. പന്തം കെടുമ്പോൾ ബലൂൺ താഴെ വീഴും.

1935-ലാണ് ആദ്യമായി കത്തീഡ്രൽ പള്ളിയിൽ പേപ്പർ ബലൂൺ പരീക്ഷിച്ചത്. പള്ളിയിലെ ഗായകസംഘാംഗം കൂടിയായ കോട്ടയത്തെ മില്യൻ ആൻഡ് കമ്പനി ഉടമ എ.ജെ.വർക്കിയാണ് അതുണ്ടാക്കിയത്. ജ്യേഷ്ഠനിൽനിന്ന്‌ വിദ്യ പഠിച്ച അനുജൻ എ.ജെ.ജോണാണ് പിന്നീട് ഏറെ വർഷങ്ങൾ ബലൂൺ നിർമിച്ചത്. ഇപ്പോൾ 10 വർഷമായി പള്ളി കൈക്കാരനായ കോര എബ്രഹാം ചില്ലക്കാട്ട് ആണ് നിർമാണം.

പുണെ ഡി.ആർ.ഡി.ഒ.യിൽ ആർമമെൻറ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ളിഷ്‌മെന്റിൽ ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം ക്രിസ്മസിന് രണ്ടാഴ്ച മുമ്പാണ് ബലൂൺ ഉണ്ടാക്കിത്തുടങ്ങുക. അടിസ്ഥാനസൗകര്യം ഒരുക്കി സഹായിച്ച് പള്ളി സെക്രട്ടറി എം.വി.റോയ് ഒപ്പമുണ്ട്.

കോര ഏബ്രഹാമിന്റെ വല്യപ്പച്ചന്റെ വകയായിരുന്നു ബേക്കർ ജങ്‌ഷനിലെ കിണറ്റിൻമൂട്ടിൽ ബിൽഡിങ്‌സ്‌. അതിൽ പ്രവർത്തിച്ചിരുന്ന മില്യൻ ആൻഡ് കമ്പനിയുടെ മുകൾത്തട്ടിൽ പേപ്പർ കൊണ്ട് ബലൂൺ ഉണ്ടാക്കുന്നത് തന്റെ അമ്മയൊക്കെ ചെറുപ്പത്തിൽ അതിശയത്തോടെ നോക്കിനിന്നിട്ടുള്ളത് പറഞ്ഞുകേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഇതൊരു ദൈവനിയോഗമായാണ് തന്നിലെത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Content Highlights; christmas paper balloon