കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സമിതിയുടെ മുഖ്യചുമതലക്കാരനായ ഉമ്മൻചാണ്ടിക്കുമുന്നിൽ സഭാതർക്കം തലവേദന. ആരാധനാ സ്വാതന്ത്ര്യവും നിയമനിർമാണ ആവശ്യവുമായി യാക്കോബായ സഭ അനിശ്ചിതകാല സമരം നടത്തിവരികയും കോടതിവിധി നടപ്പാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ സമീപനം ഇരുവിഭാഗവും ഉറ്റുനോക്കുന്നു. തർക്കപരിഹാരത്തിന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ശ്രമിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസും ഉമ്മൻചാണ്ടിയും എങ്ങനെയാണ് ഇടപെടുന്നത് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഉമ്മൻചാണ്ടിയുടെ തിരിച്ചുവരവിൽ ഇപ്പോൾ പരസ്യപ്രതികരണം വേണ്ടെന്നാണ് സഭാ നേതൃത്വങ്ങളുടെ നിലപാട്. കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ തയ്യാറല്ലെന്നാണ് യാക്കോബായ വിശ്വാസികളുടെ അഭിപ്രായം. പള്ളികൾ ഓരോന്നായി നഷ്ടപ്പെടുകയും ആരാധനാ സ്വതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തതോടെ കോൺഗ്രസിൽനിന്നകന്ന യാക്കോബായ വിശ്വാസികളെ തിരികെക്കൊണ്ടുവരാൻ ഉമ്മൻചാണ്ടിക്കാകുമോയെന്ന് കണ്ടറിയണം.

പിണറായി സർക്കാർ അവതരിപ്പിച്ച സെമിത്തേരി ബില്ലിനെ നിയമസഭയിലും പുറത്തും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ കോൺഗ്രസ് പരസ്യമായി എതിർത്തതും യാക്കോബായ വിശ്വാസികളെ സി.പി.എമ്മിനനുകൂലമാക്കി. കോൺഗ്രസിന്റെ എതിർപ്പിനെത്തുടർന്ന് സർക്കാർ അവതരിപ്പിച്ച സെമിത്തേരി ബിൽ പൂർണതോതിൽ പാസാക്കാനുമായില്ല. ഇതിലുള്ള അമർഷം യാക്കാബായ വിശ്വാസികളിൽ നിലനിൽക്കുന്നുണ്ട്. സഭാതർക്കം പരിഹരിക്കുന്നതിന് ഉമ്മൻചാണ്ടി ഇതുവരെ പരസ്യമായ നിലപാടെടുത്തിട്ടില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പുതുപ്പള്ളിയുൾപ്പെടെ ആറു ഗ്രാമപ്പഞ്ചായത്തുകളിലും ഇക്കുറി എൽ.ഡി.എഫ്. ഭരണത്തിലെത്തി. യാക്കോബായ സഭയ്ക്ക്‌ നിർണായക സ്വാധീനമുള്ള ഇടങ്ങളാണിവ.

നേരത്തേ മുഖ്യമന്ത്രിയായിരുന്നപ്പോൾ കോടതിവിധി നടപ്പാക്കിയില്ലെന്ന കാരണത്താൽ ഓർത്തഡോക്സ് സഭാംഗംകൂടിയായ ഉമ്മൻചാണ്ടിക്കെതിരേ പരസ്യനിലപാടെടുത്തിരുന്നെങ്കിലും അതിൽനിന്ന് അല്പം അയഞ്ഞിട്ടുണ്ട്. സെമിത്തേരി ബില്ലിനെ നിയമസഭയിൽ കോൺഗ്രസ് എതിർത്തതോടെയാണ് ഓർത്തഡോക്സ് വിഭാഗം നിലപാട് മയപ്പെടുത്തിയത്. സ്ഥിരമായ പിണക്കം ആരോടുമില്ലെന്ന് ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കേറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ആര് അധികാരത്തിലെത്തിയാലും കോടതിവിധി നടപ്പാക്കണമെന്ന നിലപാടിൽ സഭയ്ക്ക് മാറ്റമില്ല. തിരഞ്ഞടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങൾ ഫെബ്രുവരിയിൽ ചേരുന്ന സഭാ സുന്നഹദോസിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മാർ ദിയസ്കോറോസ് പറഞ്ഞു.