കൊച്ചി: സന്ന്യാസ സഭയായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ (എഫ്.സി.സി.) നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീൽ നൽകി. വെള്ളിയാഴ്ച രാവിലെയാണ് അപ്പീൽ ഇ-മെയിലായി അയച്ചത്.

അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് സിസ്റ്റർ ലൂസിയെ എഫ്.സി.സി. സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് പുറത്താക്കിയത്.

സിസ്റ്റർ ലൂസിയെ വയനാട് കാരയ്ക്കാമലയിലെ മഠത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകണമെന്നു കാണിച്ച് എഫ്.സി.സി. മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയ വീട്ടുകാർക്ക് കത്തയച്ചു. സിസ്റ്റർ ലൂസിയുടെ അമ്മ റോസമ്മ സ്കറിയയെ അഭിസംബോധന ചെയ്യുന്നതാണ് കത്ത്.

കാസർകോട് ജില്ലയിലെ ചെമ്മരൻകയം പെരുമ്പട്ടയിലാണ് സിസ്റ്ററുടെ കുടുംബവീട്. കത്തിന്റെ ചുരുക്കം ഇങ്ങനെ:

പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാൻ...

എഫ്.സി.സി. സഭാംഗമായിരുന്ന ലൂസി കളപ്പുരയെ പുറത്താക്കിയ വിവരം ഖേദപൂർവം അറിയിക്കുന്നു. സഭാ നിയമങ്ങളുടെ തുടർച്ചയായ ലംഘനമാണ് കാരണം. 2015 മുതൽ തുടർച്ചയായി അനുസരണ-ദാരിദ്ര്യ വ്രതങ്ങൾ ലൂസി ലംഘിച്ചുകൊണ്ടിരുന്നത് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടും തയ്യാറായില്ല. നടപടിക്കെതിരേ ലൂസിക്ക് പൗരസ്ത്യ തിരുസംഘത്തിന് അപേക്ഷ നൽകാവുന്നതാണ്. അല്ലാത്തപക്ഷം ലൂസിയെ 17-ാം തീയതിയോടെ മഠത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകേണ്ടതാണ്. കുടുംബത്തിലെ ലൂസിയുടെ വിഹിതമായ സ്വത്ത് സഭയ്ക്ക് നൽകിയിട്ടില്ലാത്തതിനാൽ അവിടെത്തന്നെ ഉണ്ടാകുമല്ലോ. 2017 ഡിസംബർ മുതൽ ലൂസിയുടെ ശമ്പളം സഭയ്ക്ക് നൽകുന്നില്ലാത്തതിനാൽ അതും കൈവശമുണ്ടാകും. മാസം 50,000-നു മുകളിൽ ശമ്പളം ലഭിക്കുന്നതിനാൽ ഇപ്പോൾ പത്തു ലക്ഷത്തോളം കൈവശം കാണും. വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളും ചേരുമ്പോൾ ലൂസിക്ക് സാമ്പത്തിക സുരക്ഷയിൽ ജീവിക്കാനാകും. സഭയിൽനിന്ന് പുറത്താകുന്നതുവരെയുള്ള ലൂസിയുടെ ശമ്പളം സഭയ്ക്ക് അവകാശപ്പെട്ടതാണെങ്കിലും അതിനായി അവകാശവാദമുന്നയിക്കുന്നില്ല. സഭയിലായിരിക്കുമ്പോൾ ചെയ്ത സേവനങ്ങൾക്ക് പ്രതിഫലത്തിന് അവകാശമുണ്ടായിരിക്കില്ലെന്ന് നിത്യവ്രതം ചെയ്യുന്ന സമയത്ത് ലൂസി എഴുതിത്തന്നിട്ടുണ്ട്. ലൂസിക്കുവേണ്ടി നിങ്ങളിൽനിന്ന് സ്വീകരിച്ച പത്രമേനി (ഒരാൾ മഠത്തിൽ ചേരുമ്പോൾ കുടുംബം നൽകുന്ന തുക) മഠത്തിൽനിന്ന് പോകുമ്പോൾ തീർത്തുനൽകും.

ധിക്കാരം നിറഞ്ഞ വരികൾ-സിസ്റ്റർ ലൂസി

: 84 വയസ്സുള്ള തന്റെ അമ്മയ്ക്ക് ധിക്കാരം നിറഞ്ഞ ഭാഷയിലാണ് പ്രൊവിൻഷ്യാൽ സുപ്പീരിയർ കത്തെഴുതിയിരിക്കുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. ഈ പ്രായത്തിൽ അമ്മ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകണമെന്നാണോ ഉദ്ദേശിക്കുന്നത്? എന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അതുകൊണ്ടാണ് അപ്പീൽ നൽകിയത്. മഠത്തിൽ തുടരണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്.

Content Highlights: christian congregation's letter against sister Lucy kalappura