കോട്ടയം: കൊറോണ ബാധമൂലം ചൈനയിൽനിന്നുള്ള റബ്ബർ ഉത്‌പന്നങ്ങളുടെ വരവ് നിലച്ചു. ഇതേത്തുടർന്ന്, ഇന്ത്യൻവിപണിയിൽ റബ്ബർവിലയിൽ ഉണർവുണ്ട്. തുടർച്ചയായ മൂന്നാം ആഴ്ചയിലും കിലോഗ്രാമിന് 134-136 രൂപ എന്ന വില നിലനിർത്തി.

ലോകത്തെ റബ്ബറിന്റെ 40 ശതമാനം ഉപയോഗവും ചൈനയിലാണ്. ഏറ്റവും കൂടുതൽ റബ്ബറുത്‌പന്നങ്ങൾ ലോകവിപണിയിലേക്ക് നൽകുന്നതും അവരാണ്. രോഗബാധയെത്തുടർന്ന്, ചൈന ടയറിന്റെയും മറ്റ് ഉത്‌പന്നങ്ങളുടെയും വിപണി അടയ്ക്കുകയും കയറ്റുമതി നിർത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ഇന്ത്യൻ റബ്ബറിന് ആവശ്യം കൂടിയെന്നാണ് വിലയിരുത്തൽ.

ഉദാഹരണത്തിന്, ലോകത്ത് ഏറ്റവും കൂടുതൽ റബ്ബർ കൈയുറനിർമാണം നടത്തുന്നത് ചൈനയാണ്. കേരളത്തിലെ 75 ലാറ്റക്സ് കമ്പനിയിൽനിന്നുള്ള അസംസ്കൃതവസ്തുകൊണ്ട് 20 ഉത്‌പന്നനിർമാണ ഫാക്ടറി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. മാസം ശരാശരി 80,000 മെട്രിക് ടൺ ലാറ്റക്സാണ് ഇൗ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇവിടെ നിർമിച്ച കൈയുറകളെല്ലാം വിറ്റുതീർന്നെന്ന് നിർമാതാക്കൾ പറയുന്നു. ഇന്ത്യൻ വിപണിയിലും, കൊറോണഭീതിയിൽ കൈയുറയ്ക്ക് ആവശ്യക്കാർ കൂടി.

അതേസമയം, വിപണിയിൽ അനിശ്ചിതാവസ്ഥയുണ്ടെന്ന് കരുതുന്നവരുമുണ്ട്. ചൈന സ്റ്റോക്ക് എടുക്കാത്തതുമൂലം തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, ഐവറികോസ്റ്റ് എന്നിവിടങ്ങളിൽനിന്നുള്ള റബ്ബർ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് ഇന്ത്യൻ വിപണിയിലേക്ക്‌ നീക്കിയാൽ, ഇവിടത്തെ റബ്ബർവില ഇടിഞ്ഞേക്കാമെന്ന് ആശങ്കയുണ്ട്. മലേഷ്യയുംമറ്റും, പൂപ്പൽ രോഗബാധയെത്തുടർന്ന് ഏപ്രിൽ 21 മുതൽ കയറ്റുമതി 2.4 ശതമാനം ‌കുറച്ചിരുന്നു. ഒക്ടോബർവരെ 4.41 ലക്ഷം ടണ്ണിന്റെ കുറവാണ് ഇവരുടെ കയറ്റുമതിയിലുണ്ടായത്.

പ്രതീക്ഷയിൽ

വില ഒരേപോലെ തുടരുന്നത് ഗുണകരമാണ്. ചൈനീസ് ഉത്‌പന്നവരവ് കുറഞ്ഞത് ഇന്ത്യയിലെ റബ്ബറിന് ആവശ്യകത കൂട്ടി.

-ബിജു പി.തോമസ്, ജനറൽ സെക്രട്ടറി, റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ.

Content Highlights: chinese production decreased; rubber market rise in India