കൊടുമൺ(പത്തനംതിട്ട): മൊബൈൽ ഫോണുകളുമായിട്ടുള്ള കൂട്ട് വിടാത്ത കുട്ടികളോട് എന്ത് സമീപനം സ്വീകരിക്കണമെന്നറിയാതെ അധ്യാപകർ. 19 മാസങ്ങൾക്കുശേഷം സ്കൂൾ തുറന്നപ്പോൾ മൊബൈൽ ഫോണുമായി എത്തുന്ന കുട്ടികളെ കണ്ട് ആശയക്കുഴപ്പത്തിലാണ് അധ്യാപകർ.

കോവിഡ് കാലത്തിനുമുമ്പ് മൊബൈൽ ഫോണുമായി കുട്ടികൾ സ്കൂളിലെത്തിയാൽ അത് വാങ്ങി ലേലംചെയ്ത് അധ്യാപക രക്ഷാകർതൃ സമിതിക്ക്‌ മുതൽ കൂട്ടണമെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ, കഴിഞ്ഞ 19 മാസം ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികൾ ഉപയോഗിച്ചത് മൊബൈൽ ഫോണാണ്. ഒരർഥത്തിൽ മൊബൈൽ ഫോണുമായി അവർക്ക് ഒഴിവാക്കാനാകാത്ത ബന്ധമായി. കോവിഡ് കാലത്ത് ഓർക്കാപ്പുറത്ത് കുട്ടികൾക്ക് കിട്ടിയ സ്വകാര്യ സ്വത്താണ് മൊബൈൽ ഫോൺ. 24 മണിക്കൂറും മൊബൈൽ ഫോൺ ഒപ്പമുണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു. സ്കൂൾ തുറന്നിട്ടും അവരതിനെ കൈവിടുന്നില്ല.

സ്കൂൾ തുറന്ന ദിവസംമുതൽ മിക്ക കുട്ടികളും കൈയിൽ മൊബൈൽ ഫോണുമായിട്ടാണ് ക്ലാസിനെത്തുന്നത്. അധ്യാപകരെ കാൺകെ അവർ ഫോൺ പുറത്തെടുക്കുകയും വിളിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത് പതിവായി. കൊച്ചുകുട്ടികൾപോലും ഫോണുമായിട്ടാണ് വരവ്. സ്കൂൾ തുറക്കുന്നതിന് മുമ്പായി അധ്യാപകർക്ക് ഓൺലൈനിൽ നൽകിയ പരിശീലന ക്ലാസിൽ, തുടക്കത്തിൽ മൊബൈൽ ഫോൺ പരിശോധന വേണ്ടെന്നും കുട്ടികളോട് കൂടുതൽ അടുത്തിടപഴകി സാന്ത്വനമേകണമെന്നുമാണ് നിർദേശിച്ചിട്ടുള്ളത്.

ചില കുട്ടികൾ സ്റ്റാഫ് റൂമിൽ എത്തി ഫോണുകൾ അധ്യാപകരെ ഏൽപ്പിക്കുന്നുണ്ട്. ചില അധ്യാപകർ ദിവസവും 30 മൊബൈൽ ഫോണുകളുടെ വരെ സൂക്ഷിപ്പുകാരായി മാറുന്നു. സ്കൂളിൽ ക്ലാസ് ഇല്ലാത്ത ദിവസം ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ കുട്ടികളിൽനിന്ന്‌ മാറ്റാൻ കഴിയുന്നില്ല.