തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തത് 324 കുട്ടികൾ. ഈ വർഷം ഇതുവരെ 53 പേർ. അഞ്ചുവർഷത്തിനിടെ 1213 കുട്ടികൾ ആത്മഹത്യ ചെയ്തതായി സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. രക്ഷകർത്താക്കൾ ശാസിച്ചത് മുതൽ പ്രണയനൈരാശ്യംവരെ ആത്മഹത്യയിലേക്കു നയിച്ചു.

2020 ജനുവരി ഒന്നുമുതൽ ജൂലായ് 31 വരെ കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് പഠനം നടത്തിയിരുന്നു. ഇക്കാലയളവിൽ 17 വയസ്സിനു താഴെയുള്ള 158 കുട്ടികൾ ആത്മഹത്യചെയ്തു. 90 പെൺകുട്ടികളും 68 ആൺകുട്ടികളുമാണ്. കൂടുതൽ മലപ്പുറം ജില്ലയിലാണ്- 22 പേർ. 15-നും 18-നും ഇടയിൽ പ്രായമുള്ള 108 കുട്ടികളും ഒമ്പതിനും 14-നും ഇടയിൽ പ്രായമുള്ള 49 കുട്ടികളും ആത്മഹത്യചെയ്തു.

41 പേർ ആത്മഹത്യചെയ്തതിന്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പഠനത്തിൽ പറയുന്നു.

2020 ജനുവരി ഒന്നുമുതൽ ജൂലായ് 31 വരെയുള്ള ആത്മഹത്യയുടെ വിവരങ്ങൾ

കാരണം കുട്ടികളുടെ എണ്ണം

രക്ഷിതാക്കളുടെ ശാസന 19

സഹോദരങ്ങളുമായുള്ള പിണക്കം 4

പരീക്ഷപ്പേടി/തോൽവി 7

പ്രണയനൈരാശ്യം 14

ലൈംഗിക അതിക്രമം 5

ഗാർഹികപീഡനം/കുടുംബപ്രശ്നം 12

കുടുംബത്തിലെ സാമ്പത്തിക പ്രശ്നം 1

പ്രിയപ്പെട്ടവരുടെ മരണം 4

മാനസികപ്രശ്നം 24

മൊബൈൽ ഗെയിം/ഇന്റർനെറ്റ് അഡിക്ഷൻ 12

ആത്മഹത്യ അനുകരിക്കൽ 1

മറ്റു കാരണങ്ങൾ 13

ആത്മഹത്യചെയ്ത രീതി കുട്ടികളുടെ എണ്ണം

തൂങ്ങിമരണം 134

വിഷം 12

തീകൊളുത്തൽ 6

മുങ്ങിമരണം 1

മറ്റു രീതി 5

പ്രധാന കണ്ടെത്തലുകൾ

* പഠനത്തിൽ മിടുക്കരായിരുന്ന 50 കുട്ടികൾ ആത്മഹത്യ ചെയ്തു.

* ഒരുവർഷത്തിനിടെ ഒരേ സ്കൂളിലെ നാലുകുട്ടികൾ ആത്മഹത്യ ചെയ്തു.

* ചിലർ രക്ഷകർത്താക്കൾ അറിയാതെ മൊബൈൽഫോൺ ഉപയോഗിച്ചിരുന്നു.

* കുട്ടികളിലെ മാനസിക സമ്മർദം, വിഷാദം എന്നിവ രക്ഷിതാക്കൾ തിരിച്ചറിയുന്നില്ല.

നിനവ്

കുട്ടികളിലെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാൻ വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് നിനവ്. ശാസ്ത്രീയപഠനം നടത്തുക, പരിശീലനം നൽകുക, കുട്ടികളിൽ മാനസികാരോഗ്യം വളർത്തുക എന്നിവയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മാനസിക സംഘർഷങ്ങളുണ്ടാവുമ്പോൾ ദിശ- 1056, ചൈൽഡ് ഹെൽപ് ലൈൻ- 1098, പോലീസിന്റെ ചിരി ഹെൽപ് ലൈൻ- 9497900200 എന്നീ ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.