ദർശ്
ദർശ് 

തളിപ്പറമ്പ്: അവധിദിവസം അമ്മയോടൊപ്പം ഓഫീസിലെത്തിയ നാലര വയസ്സുള്ള മകൻ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണ് മുങ്ങിമരിച്ചു. കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി.രഘുനാഥിന്റെയും കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേണലിസം വിഭാഗം ഓഫീസ് അസിസ്റ്റന്റ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ സ്മിതയുടെയും മകൻ ദർശ് ആണ് മരിച്ചത്.

ശനിയാഴ്ച അവധിദിവസമായതിനാൽ ദർശിനെയും കൂട്ടിയാണ് സ്മിത ഓഫീസിലെത്തിയത്. പുറത്ത് കളിക്കാൻ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്ന് കണ്ണപുരം പോലീസ് പറഞ്ഞു. ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ കുട്ടിയെ കുഴിയിൽ കണ്ടെത്തിയത്. ഉടൻ തളിപ്പറമ്പിലെ ലൂർദ്‌ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ യു.കെ.ജി. വിദ്യാർഥിയാണ്. സഹോദരി ദിയ കണ്ണൂർ ഉർസുലൈൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് പാളിയത്ത് വളപ്പ് സമുദായശ്മശാനത്തിൽ നടക്കും.

content highlights: child dies after falling into pit