നെടുങ്കണ്ടം: ബന്ധുവിന്റെ വീട്ടിൽ താമസിക്കാനെത്തിയ പതിമൂന്നുവയസുകാരനെ ടെറസിന് മുകളിൽ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിഗമത്തിൽ പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘം രൂപവത്കരിച്ചു.

വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പിന്റെയും സൗമ്യയുടെയും മൂത്തമകൻ ജെറോൾഡിനെയാണ്‌(അപ്പു) മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ഇരുകാലുകളും കയർ ഉപയോഗിച്ച് വലിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയ നിലയിലാണ്‌ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങിമരണമാണെന്ന് വ്യക്തമായതായി നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു അറിയിച്ചു. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണം നടന്ന വീട്ടിൽ ശനിയാഴ്ചയും പോലീസ് വിശദമായ പരിശോധനകൾ നടത്തി. കുട്ടിയുടെ കഴുത്തിൽ മുറുകിയ കയറിൽ കുരുക്കിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടെറസിൽ സംഭവം നടന്ന സ്ഥലത്തുനിന്ന്‌ ഒരു ഷാൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് സമീപത്തായി ഒരു കസേര കണ്ടെത്തിയിരുന്നു. കുട്ടിയുടെ കാലുകൾ കെട്ടിയിരുന്ന കയറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓൺലൈൻ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി. ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിൽ വൈകീട്ട്് 3.45-ഓടെയാണ് സംഭവം. കഴിഞ്ഞ ഒരു മാസമായി ജെറോൾഡ് നെടുങ്കണ്ടത്തെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇടുക്കി മെഡിക്കൽ കോേളജിൽ പോസ്റ്റ്‌േമാർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുനൽകി. വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ച ജെറോൾഡ്. ജെവിൻ ഏകസഹോദരനാണ്. സംസ്‌കാരം നടത്തി.