തിരുവനന്തപുരം: നിയമസഭാസമ്മേളനത്തിന് അനുമതി നൽകാത്ത ഗവർണറുടെ തീരുമാനം അസാധാരണവും ഭരണഘടനാപ്രതിസന്ധിക്ക് ഇടയാക്കുന്നതും. ഇതിൽ കടുത്തപ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തെഴുതി. ഗവർണറുടെ നടപടി ഭരണഘടനയ്ക്കു നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ല. സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ഗവർണർ അംഗീകരിച്ചില്ലെങ്കിലും സഭയിലെ മറ്റൊരു ഹാളിൽ സഭ ചേർന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷവുമായി ധാരണയിലെത്തിയശേഷമാണ് പ്രത്യേകസമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്.
അനുമതി നിഷേധിച്ചതിനെത്തുടർന്നുള്ള സാഹചര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രിയും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ചർച്ചനടത്തി. ഗവർണർക്ക് ഇക്കാര്യത്തിൽ രാഷ്ട്രീയമുണ്ടാകാമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു.
കർഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ഭരണ-പ്രതിപക്ഷ കക്ഷികൾ ചേർന്ന് പ്രമേയം പാസാക്കി ബി.ജെ.പി.യുടെ നയങ്ങളോട് കേരളത്തിന്റെ എതിർപ്പ് നിയമസഭയിലൂടെത്തന്നെ പ്രഖ്യാപിക്കാനുള്ള അവസരത്തിനാണ് ഗവർണർ തടയിട്ടത്.
ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാത്രി രാജ്ഭവനിലേക്കു മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുഖ്യമന്ത്രി പറയുന്നു
* അടിയന്തരസാഹചര്യമില്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം വളർന്നത് അടുത്തദിവസങ്ങളിലാണ്. കേരളത്തിന് കർഷകസമൂഹവും കാർഷികമേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ ഉത്കണ്ഠയുണ്ട്.
* ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുച്ഛേദത്തിനു വിരുദ്ധം. സഭ വിളിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കാനോ ഗവർണർക്ക് വിവേചനാധികാരമില്ല.
* രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു പ്രവർത്തിക്കേണ്ടത്. പഞ്ചാബും ഷംസീർ സിങ്ങും തമ്മിലുള്ള കേസിൽ (1975) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
* സഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അതനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മിഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മിഷൻ) പറഞ്ഞിട്ടുണ്ട്. സഭ വിളിക്കാൻ മന്ത്രിസഭ ശുപാർശചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ്‌വഴക്കങ്ങളും അതുതന്നെ.
ഗവർണറുടെ നിലപാട്
* സഭ ചേരാനുള്ള ശുപാർശ അയച്ചത് ക്രമപ്രകാരമല്ല. ഒരുമാസംമുമ്പ് നിലവിൽവന്ന കർഷകനിയമങ്ങളെപ്പറ്റി ഇപ്പോൾ ചർച്ചചെയ്യുന്നതിനുപിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളും രാജ്ഭവൻ സംശയിക്കുന്നു.
* ജനുവരി എട്ടിന് ബജറ്റ് സമ്മേളനം ചേരാൻ ശുപാർശ നൽകിയതിനുപിന്നാലെ അത് പിൻവലിച്ച് തിരക്കിട്ട് ഏകദിനസമ്മേളനം ചേരാൻ ശുപാർശ ചെയ്യാൻ എന്താണ് അടിയന്തര സാഹചര്യം?
* കാർഷികപ്രശ്നങ്ങൾ ചർച്ചചെയ്യാനാണെങ്കിൽ അത് ജനുവരി എട്ടിനു ചേരുന്ന സമ്മേളനത്തിലായിക്കൂടേ?