തിരുവനന്തപുരം: നെതർലൻഡ്‌സിൽ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ റോട്ടർഡാം തുറമുഖവും വാഗ്‌നിൻഗെൻ സർവകലാശാലയുടെ കാർഷിക പരീക്ഷണകേന്ദ്രവും സന്ദർശിച്ചു. തുറമുഖ മേഖലയിലും കാർഷികരംഗത്തുമുള്ള വിദഗ്ധരുമായും ചർച്ച നടത്തി.

460 ദശലക്ഷം ടൺ വാർഷിക ചരക്കുനീക്കമുള്ള റോട്ടർഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ മുൻനിര തുറമുഖങ്ങളിലൊന്നുമാണ്. തുറമുഖത്തിലെ പ്രോഗ്രാം മാനേജർ എഡ്‌വിൻ വാൻ എസ്‌പെൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു. തുറമുഖസംബന്ധ വ്യവസായത്തിലെ പ്രമുഖ കമ്പനിപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി.

വെസ്റ്റ്മാസിലുള്ള വാഗ്‌നിൻഗെൻ സർവകലാശാലയുടെ കാർഷികഗവേഷണ പരീക്ഷണകേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സീനിയർ അഡ്വൈസർ മാർക്കോ ഒട്ടെ സ്വീകരിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളായ സൂക്ഷ്മക്കൃഷി, വിള വൈവിധ്യവത്കരണം, ശീതസംഭരണി ശൃംഖല, കുട്ടനാട് പോലുള്ള പ്രദേശങ്ങളിലെ കടൽനിരപ്പിന് താഴെയുള്ള കൃഷി എന്നിവയെപ്പറ്റി ചർച്ച നടത്തി.

കൃഷി, വനപരിപാലന മേഖലയിൽ ഒന്നാംസ്ഥാനത്തുള്ള വാഗ്‌നിൻഗെൻ സർവകലാശാല ലൈഫ് സയൻസ് പ്രകൃതിവിഭവ ഗവേഷണത്തിനാണ് ഊന്നൽ നൽകുന്നത്. തോട്ടവിളകളുടെ പ്രമുഖ പരീക്ഷണമേഖലയാണ് വെസ്റ്റ്മാസ്. ഇവിടത്തെ ആന്തൂറിയം ഗ്രീൻഹൗസും മുഖ്യമന്ത്രി സന്ദർശിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതർലൻഡ്‌സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

content highlights: chief minister pinarayi vijayan visits rotterdam