തിരുവനന്തപുരം: ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വെല്ലുവിളികളിൽ ഇന്ത്യ മുട്ടുകുത്തില്ലെന്നും ആരും നിശ്ശബ്ദരാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രതികരിച്ചതിന് വെടിയേറ്റപ്പോൾ അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസ് പറഞ്ഞതും ഇതുതന്നെയാണ്. ഗൗരി ലങ്കേഷ്, നരേന്ദ്ര ദാഭോൽക്കർ, കലബുർഗി തുടങ്ങിയവർ കൊലചെയ്യപ്പെട്ട നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ സൊളാനസിന്റെ സാന്നിധ്യം ഊർജം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏകയിടം കേരളമാണ്. പ്രകാശ് രാജിനെപ്പോലുള്ളവർ അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. നമ്മുടെ സാംസ്‌കാരിക പോരാട്ടമാണ് ഈ ചലച്ചിത്രമേള. അതിന് അടിവരയിട്ടുകൊണ്ടാണ് സൊളാനസിന് ആജീവനാന്ത പുരസ്‌കാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെർണാണ്ടോ സൊളാനസിന് മുഖ്യമന്ത്രി ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി. മേയർ കെ.ശ്രീകുമാർ, കെ.ടി.ഡി.സി. ചെയർമാൻ എം. വിജയകുമാർ, അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: chief minister pinarayi vijayan speech in iffk 2019