തിരുവനന്തപുരം: പോലീസിൽനിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 660 റൈഫിളുകൾ കാണുന്നില്ലെന്നായിരുന്നു സി.എ.ജി. ചൂണ്ടിക്കാട്ടിയത്. എന്നാൽ, 647 എണ്ണം എസ്.എ.പി. ക്യാമ്പിലും 13 എണ്ണം മണിപ്പൂർ പോലീസിന്റെ കൈവശവുമുണ്ടെന്ന് ക്രൈംബ്രാഞ്ച് പരിശോധനയിൽ ബോധ്യപ്പെട്ടു. അതേതസമയം 12,061 വെടിയുണ്ട കാണാതായത് അതിഗുരുതരമായ സംഭവമാണെന്നും ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിന്റെ കാലത്താണ് ഉണ്ട കാണാതെപോയത് ലഘൂകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 1990 ജനുവരി ഒന്നുമുതൽ 2018 ഒക്ടോബർ 16 വരെയുള്ള കാലയളവിലാണ് 12,061 ഉണ്ടകളുടെ കുറവ് കണ്ടെത്തിയത്. 2015-ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മൂന്നംഗ ബോർഡ് രൂപവത്കരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ, വെടിയുണ്ടകളുടെ എണ്ണത്തിൽ വൻതോതിൽ കുറവില്ലെന്നാണ് അന്ന് ബോർഡ് കണ്ടെത്തിയത്. ഇത്തരത്തിൽ വീഴ്ചയെ ലഘൂകരിക്കാനാണ് ബോർഡ് ശ്രമിച്ചത്. സി.എ.ജി.യുടെ കണ്ടെത്തലിനുമുമ്പുതന്നെ ഉണ്ടകളുടെ എണ്ണത്തിൽ കുറവുണ്ടായി എന്ന് മനസ്സിലാക്കിയിട്ടും അത് മൂടിവെക്കാനാണ് മുൻ സർക്കാർ ശ്രമിച്ചത്. ഇത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പല ചോദ്യങ്ങളിൽനിന്നും മുഖ്യമന്ത്രി തന്ത്രപരമായി ഒഴിഞ്ഞുമാറി. സി.എ.ജി. റിപ്പോർട്ടിനെക്കുറിച്ചും സി.എ.ജി.യെക്കുറിച്ചും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ നിലപാടെന്താണെന്നായിരുന്നു കെ.എം. ഷാജിയുടെ ചോദ്യം. സി.എ.ജി. റിപ്പോർട്ടിന് മൂല്യം കല്പിക്കുന്നുണ്ടെങ്കിൽ അതിൽ ചൂണ്ടിക്കാട്ടിയ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം പരിഗണിക്കുമോയെന്നായിരുന്നു മറ്റൊരാവശ്യം. സി.എ.ജി. റിപ്പോർട്ടിനെക്കുറിച്ചുള്ള നിലപാട് അദ്ദേഹം പറഞ്ഞില്ല. സി.എ.ജി. റിപ്പോർട്ട് ചട്ടപ്രകാരമുള്ള പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്തരീക്ഷമലിനീകരണത്തിന്റെ പേരിൽ വിൽപ്പന നിരോധിച്ച വാഹനമാണ് പോലീസ് സേന വാങ്ങിയതെന്നും അതേക്കുറിച്ച് അന്വേഷിക്കുമോയെന്നും പാറക്കൽ അബ്ദുള്ള ചോദിച്ചു. വെടിയുണ്ട കാണായത് മുൻ സർക്കാരിന്റെ കാലത്ത് മൂടിവെക്കാനാണ് ശ്രമിച്ചത്, ഈ സർക്കാർ ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യത്തിന് ഉത്തരം നൽകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷം ബഹളംവെച്ചപ്പോൾ, എന്ത് ഉത്തരം നൽകണമെന്ന് സർക്കാരിനോട് നിർദേശിക്കാനാവില്ലെന്നായിരുന്ന സ്പീക്കറുടെ മറുപടി.

content highilghts; chief minister pinarayi vijayan responds to the CAG report on assembly