പിണറായി: ഇന്ത്യൻ ജനാധിപത്യത്തെ ബി.ജെ.പി. വിൽപ്പനച്ചരക്കാക്കിയെന്നും കോൺഗ്രസ് സ്വയം വിൽപ്പനവസ്തുവായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

‘‘ഏറ്റവും ഉയർന്ന വിലകൊടുക്കാൻ ബി.ജെ.പി. തയ്യാറാണ്. അതിനുള്ള പണം അവർ സമാഹരിച്ചുവെച്ചിട്ടുണ്ട്. എത്ര വലിയ വിലയ്ക്കാണ് തങ്ങളെ വിൽക്കാൻ കഴിയുക എന്നാണ് കോൺഗ്രസിലെ പലരും നോക്കുന്നത്’’ -ധർമടം മണ്ഡലത്തിൽ ഒന്നാംഘട്ട പര്യടനം അവസാനിപ്പിച്ചശേഷം പിണറായി കൺവെൻഷൻ സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‌കോൺഗ്രസിന്റെ വിശ്വാസ്യതയ്ക്ക് വൻതോതിൽ ഇടിവുപറ്റിയിരിക്കുന്നു. കോൺഗ്രസിലായിരുന്നപ്പോൾ പൗരത്വനിയമഭേദഗതിയെ എതിർത്തവർ ബി.ജെ.പി.യിൽ ചെല്ലുമ്പോൾ അതിനെ അനുകൂലിക്കുന്നതിൽ യാതൊരു പ്രയാസവും അനുഭവിക്കുന്നില്ല. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുവന്ന കോൺഗ്രസ് എം.എൽ.എ.മാർ ഇരിക്കുംമുമ്പ് ബി.ജെ.പി.യിലേക്കുപോയി. ത്രിപുരയിൽ അവരുടെ നിയമസഭാകക്ഷി ഒന്നാകെയാണ് പോയത്. ഇപ്പോൾ കോൺഗ്രസിൽ നിൽകുന്ന പലരും ഭാവിയിൽ ബി.ജെ.പി.യിലേക്ക് പോകുന്നവരാണെന്ന് നാടു കാണുന്നു. വർഗീയചിഹ്നങ്ങളുമായി കോൺഗ്രസ് സമരസപ്പെടാൻ ശ്രമിക്കുന്നു. ‘‘ഇടതുപക്ഷത്തെ സംബന്ധിച്ച് വർഗീയതയ്ക്കെതിരായ പോരാട്ടം തിരഞ്ഞെടുപ്പുകാലത്തേക്ക് മാത്രമുള്ളതല്ല, നിരന്തരസമരത്തിന്റെ ഭാഗമാണ്. മതനിരപേക്ഷ കേരളത്തെ അഭിമാനപൂർവം രാജ്യത്തിന്റെമുമ്പിൽ ഞങ്ങൾ സമർപ്പിക്കും. അതിനെ തകർക്കാൻ ആരുവന്നാലും സമ്മതിക്കില്ല. കേരളത്തിന് ഇടതുപക്ഷം നൽകുന്ന ഉറപ്പാണിത്’’ -അദ്ദേഹം വ്യക്തമാക്കി.

നേമത്തെ കോൺഗ്രസ് വോട്ടുകൾ എവിടെപ്പോയി

ഇവിടെ എൽ.ഡി.എഫിന് ലഭിക്കുന്ന ജനപിന്തുണ എതിരാളികളെ വല്ലാതെ ആശങ്കയിലാക്കിയതുകൊണ്ടാണ് കൃത്രിമമായി ചില പ്രതീകങ്ങൾ സൃഷ്ടിച്ച് ചർച്ച അതിൽ തളച്ചിടാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നേമത്തെ മത്സരം ബി.ജെ.പി.ക്കെതിരായ തങ്ങളുടെ തുരുപ്പുചീട്ടാണെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുകയാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ച് കോൺഗ്രസ് ആദ്യം പറയണം. അത് തിരിച്ചുപിടിച്ചാലല്ലേ എൽ.ഡി.എഫ്. എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താനാവൂ. കഴിഞ്ഞ തവണ 47,000-ത്തോളം വോട്ടുകളാണ് യു.ഡി.എഫിന് കുറഞ്ഞത്. അങ്ങനെയാണ് കേരളത്തിൽ ആദ്യമായി ബി.ജെ.പി.ക്ക് സീറ്റുകിട്ടിയത്. അതേസമയം ഇടതുപക്ഷത്തിന് 59,840 വോട്ടുകിട്ടി. മുൻ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ. നേമത്ത് ബി.ജെ.പി.ക്കെതിരായ ശക്തനായ സ്ഥാനാർഥി ഇടതുപക്ഷത്തിന്റേതാണെന്ന് ഇതിൽനിന്ന് വ്യക്തമല്ലേ? കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റുകൾ എവിടെപ്പോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പലവ്യഞ്ജന കിറ്റിന്റെ പേരിൽ വക്രീകരണത്തിന് ശ്രമം

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ എല്ലാ വിഭാഗങ്ങൾക്കും കൊടുത്ത പലവ്യഞ്ജന കിറ്റ് കേന്ദ്രം കൊടുത്തതാണെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി. എല്ലാ വിഭാഗങ്ങളും ദുരിതമനുഭവിച്ചതുകൊണ്ടാണ് എല്ലാവർക്കും കൊടുത്തത്. അത് മഹാകാര്യമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ല. പക്ഷേ, അത് കേന്ദ്രം തന്നതാണെന്ന് പറയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ കൊടുക്കാത്തതെന്തേ എന്നു ചോദിക്കേണ്ടിവരും.

ലതികാ സുഭാഷിന്റേത് പക്വമായ നടപടിയോ?

സീറ്റ് കിട്ടാത്തിന്റെപേരിൽ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം: കോൺഗ്രസിന്റെ മഹിളാ വിഭാഗത്തിന്റെ നേതാവിന് ഇങ്ങനെ നിലപാടെടുക്കേണ്ടിവന്നു. അവർക്ക് മനോവേദനയുണ്ടായി. പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിക്കുന്നത് കാണാനിടയായി. ആ കാര്യത്തിലെ പ്രതികരണം ഒരു രാഷ്ട്രീയനേതൃത്വത്തിന്റെ പക്വതയോടെ ആയോ എന്ന സംശയം എനിക്കുണ്ട്. മറ്റുകാര്യങ്ങൾ പറയാൻ ഞാനാളല്ല.

content highlights: chief minister pinarayi vijayan criticises congress and bjp