തിരുവനന്തപുരം: ക്ഷണിച്ചുവരുത്തിയ കേന്ദ്ര അന്വേഷണ ഏജൻസികൾ വഴിതെറ്റിപ്പോകുന്നുവെന്ന കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നേരായ രീതിയിലാണു പോകുന്നതെന്ന് ഇതുവരെ പറഞ്ഞ മുഖ്യമന്ത്രി സ്വരവും ഭാഷയും കടുപ്പിച്ചാണ് അന്വേഷണ ഏജൻസികൾക്കെതിരേ തിരിഞ്ഞത്.

ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളും അതിന്റെ അന്തസ്സത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോൾ ചിലത് പറയാതെ പറ്റില്ല. അന്വേഷണ ഏജൻസികൾ മാനദണ്ഡങ്ങൾ അട്ടിമറിക്കുകയും ചിലർ ആഗ്രഹിക്കുന്ന വഴികളിലൂടെ നീങ്ങുകയും ചെയ്യുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ എല്ലാ സഹായങ്ങളും നൽകി. എന്നാൽ, അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടായ ചില ഇടപെടലുകൾ പ്രതീക്ഷകളെ അസ്ഥാനത്താക്കി. ഏജൻസിക്കു പുറത്തുള്ള ആളുകൾ പ്രഖ്യാപിക്കുന്നതനുസരിച്ച് അവർ നീങ്ങുന്നു. മൊഴികളിലെയും മറ്റും ഭാഗങ്ങൾ സെലക്ടീവായി ചോർന്ന് മാധ്യമങ്ങൾക്കു കിട്ടുന്നു. അന്വേഷണ ഏജൻസി സ്വീകരിക്കേണ്ട സാമാന്യരീതിപോലും ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു

സർക്കാരിന്റെ ഭരണനേട്ടത്തിനു ലഭിച്ച അംഗീകാരം എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി അന്വേഷണത്തിന്റെ ഗൂഢലക്ഷ്യം വിശദീകരിച്ചത്. സർക്കാരിന്റെ ഈ നേട്ടം ഉദ്യോഗസ്ഥരുടെ പ്രവർത്തനംകൊണ്ടാണ്. സംസ്ഥാനസർക്കാരിന്റെ നയപരിപാടികൾ നടപ്പാക്കുമ്പോൾ ഇത്തരം അന്വേഷണം ഉണ്ടാകുന്നുവെന്നുവന്നാൽ നേതൃത്വമേറ്റെടുക്കാൻ ഉദ്യോഗസ്ഥർ മടിക്കും. ഇത് നിരുത്തരവാദപരമാണ്. അന്വേഷണ ഏജൻസികളുടെ പരിധിയും പരിമിതിയും ലംഘിക്കുന്നതാണ്.

സംസ്ഥാനം കീഴാളരല്ല

കേന്ദ്രത്തെപ്പോലെത്തന്നെ തുല്യ ഉത്തരവാദിത്വം ഇത് നടപ്പാക്കുന്നതിൽ സംസ്ഥാനസർക്കാരുകൾക്കുമുണ്ട്. അത് ഭരണഘടനാപരമായ അവകാശമാണ്. സംസ്ഥാനം കീഴാളരല്ല. സാമ്പത്തിക അസമത്വങ്ങൾ ലഘൂകരിക്കാനും പുരോഗമനപരമായ നടപടികൾ സ്വീകരിക്കാനും സർക്കാരുകളെ പ്രതിജ്ഞാബദ്ധമാക്കുന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയിൽ ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. അതനുസരിച്ച് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും സംസ്ഥാനസർക്കാരിനുണ്ട്. അത്തരം അവകാശങ്ങളെയും സർക്കാരിന്റെ വികസനപദ്ധതികളെയും ഇരുട്ടിൽനിർത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്.

ചിലരെ പ്രതിസ്ഥാനത്തു നിർത്തണമെന്ന ഉദ്ദേശ്യത്തോടെ ഒരു പ്രക്രിയ നടന്നാൽ അതിനെ അന്വേഷണം എന്നുപറയാനാവില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ, ലൈഫ് മിഷൻ, ഇലക്‌ട്രിക് വെഹിക്കിൾ നയം എന്നിവയെ ചുറ്റിപ്പറ്റിയായി ഇപ്പോൾ അന്വേഷണം.

കൊളോണിയൽ സമീപനത്തിന്റെ അവശിഷ്ടം

കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാനസർക്കാരിന്റെ നയങ്ങളും പരിപാടിയും വിശകലനം ചെയ്യുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ഥിതി അംഗീകരിക്കാനാവില്ല. സംസ്ഥാനസർക്കാരിനെ ഒരു കുറ്റവാളിയെപ്പോലെ കാണുന്ന രീതി കൊളോണിയൽ സമീപനത്തിന്റെ അവശിഷ്ടമാണ്.

കേരളത്തിൽ നേട്ടങ്ങളുണ്ടാക്കുന്ന പദ്ധതികളെ തകർക്കുകയെന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികൾക്കാകാം, അന്വേഷണ ഏജൻസികൾക്കാകാമോ എന്നതാണ് ചോദ്യം. രാഷ്ട്രീയ നേതൃത്വത്തെ കരിവാരിത്തേക്കുകയല്ല അന്വേഷണ ഏജൻസികൾ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: chief minister pinarayi vijayan criticises central agencies