തിരുവനന്തപുരം: സംവരണത്തെ വൈകാരികപ്രശ്നമാക്കി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർഥ പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മിഷൻ നടത്തുന്ന സാമൂഹിക സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വിഭാഗത്തിന്റെയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം നൽകുന്നത്. സംവരണത്തിന് അർഹതയുള്ളവർ കാരണമാണ് തങ്ങൾക്ക് ആനുകൂല്യം കിട്ടാത്തതെന്ന വാദവും ശരിയല്ല. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാകുക എന്നതാണ് പ്രധാനം. എന്നാൽ, പലർക്കും അത് ലഭിക്കുന്നില്ല. വ്യവസ്ഥിതിയുടെ അനീതിയാണ് കാരണം. ഇതിന് മാറ്റംവരുത്താനുള്ള കൂട്ടായ നീക്കമാണ് നടത്തേണ്ടത്. നേരത്തേ ഉണ്ടായിരുന്ന സംവരണം ആർക്കും നഷ്ടമാവില്ല. സംവരണേതര വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 164 വിഭാഗക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ പഠിക്കുന്നതിനാണ് സർവേ. സർവേയിൽ പങ്കെടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെ മേൽ സമ്മർദം ചെലുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ആന്റണി രാജു അധ്യക്ഷനായി. മന്ത്രി എം.വി. ഗോവിന്ദൻ, കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻനായർ, അംഗങ്ങളായ എം. മനോഹരൻപിള്ള, എ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.