തിരുവനന്തപുരം: ഓഡിറ്റ് റിപ്പോർട്ടുകളിൽ കേരള അടിസ്ഥാന സൗകര്യ വികസന നിധി(കിഫ്ബി)ക്കെതിരേ നിലപാടെടുത്ത സി.എ.ജി.യെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരേ നിൽക്കുന്നവർ സാഡിസ്റ്റ് മനോഭാവമുള്ളവരാണെന്ന് സി.എ.ജി.യെ പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. വികസനം ലക്ഷ്യംെവച്ചു തുടക്കംകുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ല. രാജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ്ദാന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

‘‘കിഫ്ബിയെ എങ്ങനെയൊക്കെ നിശ്ശേഷമാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളം അല്പമെങ്കിലും പിന്നോട്ടുപോയാൽ ആശ്വാസവും സന്തോഷവും തോന്നുന്ന സാഡിസ്റ്റ് മനോഭാവമുള്ളവരാണ് ഇതിനുപിന്നിൽ. കേരളം ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണവർക്ക്. അതു തിരിച്ചറിയണം’’ -മുഖ്യമന്ത്രി പറഞ്ഞു.

2019-20ലെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെപ്പറ്റിയുള്ള റിപ്പോർട്ടിലും കിഫ്ബി മാത്രമായി ഓഡിറ്റുചെയ്ത ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിന്റെ കരട് രേഖകളിലും കിഫ്ബിക്കെതിരായ നിരീക്ഷണങ്ങളാണ് സി.എ.ജി. നടത്തിയത്. സി.എ.ജി. കിഫ്ബിക്കെതിരേ സ്പെഷ്യൽ റിപ്പോർട്ട് സമർപ്പിച്ചെന്ന പ്രചാരണം സർക്കാർ നിഷേധിച്ചിരുന്നു. 2018-19ലെ റിപ്പോർട്ടിലെ സമാനപരാമർശങ്ങൾ നിയമസഭ നീക്കംചെയ്തെങ്കിലും അതുകൂടി ചേർത്താണ് സി.എ.ജി. പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശം.

സാമ്പത്തികരംഗത്തിന്റെ ശേഷിക്കുറവുകൊണ്ട് വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാൽ അതു നാളത്തെ തലമുറയോടുചെയ്യുന്ന കുറ്റമായിമാറും. ബജറ്റിന്റെ ശേഷിവെച്ചുമാത്രം ഇതിനു പറ്റില്ല. അതിനു സ്വീകരിച്ച വേറിട്ടവഴിയാണ് കിഫ്ബി. കിഫ്ബിയിലൂടെ നല്ലരീതിയിൽ പണം ചെലവാക്കിയപ്പോഴാണ് പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെട്ടത്. ഉന്നതവിദ്യാഭ്യാസമേഖല മെച്ചപ്പെടുത്താനും കിഫ്ബി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോസിപ്പ് വാർത്തകൾ -മന്ത്രി ബാലഗോപാൽ

കിഫ്ബിക്കെതിരായ വാർത്തകൾ ഗോസിപ്പാണെന്നും അത് കേരളത്തിന്റെ വികസനത്തെ തകർക്കാൻ ഉദ്ദേശിച്ചാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രചരിപ്പിക്കുന്നതുപോലെ കിഫ്ബിയെക്കുറിച്ച് പ്രത്യേക റിപ്പോർട്ട് സി.എ.ജി. സമർപ്പിച്ചിട്ടില്ല. കരടുപോലും വന്നിട്ടില്ല. ചോദ്യങ്ങൾ ചോദിച്ച് വിശദീകരണം തേടുന്ന ഘട്ടത്തിലാണ്.

ഇതൊന്നും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ചോർന്നുകിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവിനെപ്പോലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ വിമർശിക്കുന്നത് ശരിയല്ല -അദ്ദേഹം പറഞ്ഞു.