ചെറുവത്തൂര്‍: ജോത്സ്യനെ ബ്ലാക്ക്‌മെയില്‍ചെയ്ത് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ കൈതക്കാട് സ്വദേശിനിയുള്‍പ്പെടെ നാലുപേരെ ചന്തേര പോലീസ് അറസ്റ്റുചെയ്തു. ആയിഷ, മുഹമ്മദ്, ഹൈദര്‍, മൊയ്തീന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചെമ്പ്രകാനത്തെ വിജയന്‍ ജോത്സ്യനെ ഭീഷണിപ്പെടുത്തിയാണ് പണംതട്ടാന്‍ ശ്രമിച്ചത്.

കുടുംബത്തിലെ പ്രശ്‌നത്തിന് പരിഹാരംതേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാരോപിച്ച് മൂന്നുപേര്‍ വിജയനെ തേടിയെത്തുകയായിരുന്നു. പത്രത്തിലുള്‍പ്പെടെ വാര്‍ത്തയാവുമെന്നും കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനാല്‍ അഞ്ചും പിന്നീട് മൂന്നുലക്ഷവുമാക്കി. പണം രാവിലെ ചെറുവത്തൂരില്‍ എത്തിക്കാമെന്ന് വിജയന്‍ സമ്മതിച്ചു.

പരിഭ്രാന്തനായ വിജയന്‍ സുഹൃത്തുക്കളോട് വിവരംപറഞ്ഞു. പോലീസിന്റെ നിരദേശപ്രകാരം ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ലോഡ്ജിലെത്താന്‍ അദ്ദേഹം സംഘത്തോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ മൂന്നുലക്ഷം രൂപ കൈപ്പറ്റാനെത്തിയ സ്ത്രീയുള്‍പ്പെടെ നാലുപേരെയും ലോഡ്ജില്‍വെച്ച് ചന്തേര പോലീസ് അറസ്റ്റുചെയ്തു.