ചേര്‍ത്തല: മൂന്നു വര്‍ഷം മുന്‍പുവരെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ചക്കയുടെ 75 ശതമാനവും പാഴായിപ്പോകുന്നുവെന്നായിരുന്നു കണക്ക്. അവശേഷിക്കുന്നതിന്റെ നല്ലഭാഗം തമിഴ്‌നാട്ടിലേക്കും ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കും കൊണ്ടുപോകുകയായിരുന്നു.

'ചതിക്കാത്ത ചക്ക' എന്ന പരമ്പരയിലൂടെ 2015 ജൂലായില്‍ മാതൃഭൂമിയാണ് ഈ വിഷയങ്ങള്‍ കേരളത്തിന്റെ ശ്രദ്ധയിലേക്കുകൊണ്ടുവന്നത്. കീടനാശിനി തളിക്കാത്ത ചക്ക വേണ്ടത്ര ഉണ്ടായിട്ടും അതിനെ അവഗണിച്ച് അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള വിഷംകലര്‍ന്ന പച്ചക്കറിക്കു പിന്നാലെ പോകുന്നതിന്റെ അപകടവും ചൂണ്ടിക്കാട്ടിയിരുന്നു.

അന്ന് പത്തു രൂപയില്‍ താഴെ മാത്രം വിലകിട്ടിയിരുന്ന ചക്കയ്ക്ക് മൂല്യവര്‍ധനയിലൂടെ മൂവായിരം രൂപവരെ സമ്പാദിക്കാമെന്നറിഞ്ഞവര്‍ പരിശീലനത്തിന് തിരക്കുകൂടി. ചക്ക ഉത്പന്നങ്ങളുടെ വിദേശവിപണിസാധ്യത അറിഞ്ഞപ്പോള്‍ ആവേശം ഇരട്ടിച്ചു.

ചക്കമുന്നേറ്റം കണ്ട് ധനകാര്യമന്ത്രി ആദ്യമായി ചക്കയുടെ പ്രോത്സാഹനത്തിന് കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപ നീക്കിവെച്ചു. പിന്നെ ചക്കയ്ക്ക് വച്ചടി കയറ്റമായിരുന്നു. ഇപ്പോള്‍ താരപരിവേഷവുമായി.