ചേര്‍ത്തല: രാഷ്ട്രീയപാര്‍ട്ടികള്‍ കൊടികുത്തി പ്രതിഷേധിക്കുന്നതിനെതിരേ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് നിലനില്‍ക്കെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് കൊടികുത്തി പ്രതിഷേധിച്ചു. ചേര്‍ത്തല നഗരസഭാ 16-ാം വാര്‍ഡിലായിരുന്നു കൂട്ട കൊടികുത്തല്‍. ഇവിടെ ജനവാസകേന്ദ്രത്തില്‍ ആരംഭിച്ച മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേയാണ് പ്രതിഷേധം.

പാര്‍ട്ടിയുടെ കൊടി ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സി.പി.എമ്മാണ് ആദ്യം കൊടികുത്തി പ്രതിഷേധിച്ചത്.

തുടര്‍ന്ന് യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ.യും കൊടിനാട്ടി. പിന്നീട് കോണ്‍ഗ്രസും ബി.ജെ.പി.യും കേരള കോണ്‍ഗ്രസും കൊടിനാട്ടി. സി.പി.ഐ. കൊടികുത്തിയിട്ടില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മാണം നിര്‍ത്തി.

ആരും പ്രതിഷേധമറിയിച്ചിട്ടില്ല

സ്ഥലം മൊബൈല്‍ കമ്പനിക്ക് വാടകയ്ക്കാണ് നല്‍കിയിരിക്കുന്നത്. കൊടികുത്തിയതറിഞ്ഞെങ്കിലും ആരും നേരിട്ട് പ്രതിഷേധം അറിയിച്ചിട്ടില്ല. -ഡോ. രാമചന്ദ്രപ്പണിക്കര്‍, സ്ഥലമുടമ

സ്വാഭാവികമായ പ്രതിഷേധം

ടവറിനെതിരേ നടക്കുന്നത് സ്വാഭാവിക പ്രതിഷേധം മാത്രമാണ്. ജനവാസകേന്ദ്രത്തില്‍ ഇത്തരം ടവര്‍ നിര്‍മിക്കുന്നതിലാണ് പ്രതിഷേധം.

-പി.ഉണ്ണികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍