ചെര്‍ക്കള: സഹപാഠികള്‍ക്കൊപ്പം പഴച്ചാറ് കഴിക്കുകയായിരുന്ന ബി.എഡ്. വിദ്യാര്‍ഥിയെ സദാചാര പോലീസ് ചമഞ്ഞ് കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ വധശ്രമത്തിന് വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ ബി.എഡ്. കോളേജ് ഒന്നാംവര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥി എം.എ.പൃഥ്വിരാജി(24)നാണ് കുത്തേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ ചെര്‍ക്കള ടൗണിലെ കടയിലാണ് അക്രമം നടന്നത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി സഹപാഠികളായ വിദ്യാര്‍ഥിനികള്‍ക്കൊപ്പമെത്തി ജ്യൂസ് കഴിക്കുന്നതിനിടെ യായിരുന്നു അക്രമം.

ഡി.വൈ.എഫ്.ഐ. ബാഡൂര്‍ വില്ലേജ് സെക്രട്ടറിയായ പൃഥ്വിരാജിനുനേരെ നടന്ന അക്രമത്തില്‍ എസ്.എഫ്.ഐ. ജില്ലാസെക്രട്ടറി ബി.വൈശാഖ്, ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി, സി.പി.എം. ഏരിയ സെക്രട്ടറി കെ.എം.മുഹമ്മദ് ഹനീഫ, ചെങ്കള ലോക്കല്‍ സെക്രട്ടറി എ.ആര്‍.ധന്യവാദ്, ഡി.വൈ.എഫ്.ഐ. ഏരിയ സെക്രട്ടറി പി.ശിവപ്രസാദ് തുടങ്ങിയവര്‍ പ്രതിഷേധിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അഡ്വ. മണി ജി.നായര്‍ അധ്യക്ഷനായി. എം.സുമതി, എം.പദ്മാവതി, കെ.ജയകുമാരി എന്നിവര്‍ സംസാരിച്ചു.