തിരുവനന്തപുരം: രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ യു.ഡി.എഫിനു കഴിഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ, യു.ഡി.എഫ്. ഇല്ലാതായെന്നും ഈവിജയം സർക്കാരിനെ ശുദ്ധീകരിച്ചുവെന്നും പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധമാണ്. പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അത് തിരുത്തി മുന്നേറുമെന്നും നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മുന്നേറ്റമുണ്ടാക്കുമെന്നും മുന്നണിനേതാക്കൾക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഈതിരഞ്ഞെടുപ്പ് ഒരു പരീക്ഷണകാലത്താണു നടന്നത്. പരമ്പരാഗത രീതിയിലുള്ള പ്രചാരണം സാധ്യമായിരുന്നില്ല. സർക്കാർസംവിധാനത്തെ ഉപയോഗപ്പെടുത്തി പ്രചാരണം നടത്താൻ എൽ.ഡി.എഫിനു കഴിഞ്ഞു. കേന്ദ്രാധികാരം ബി.ജെ.പി.യും ഉപയോഗപ്പെടുത്തി. എന്നിട്ടും 2015-ൽ നേടിയ വിജയം നിലനിർത്താൻ യു.ഡി.എഫിനു കഴിഞ്ഞു.

ബി.ജെ.പി.ക്ക് ക്ലച്ച് പിടിക്കാനായിട്ടില്ല. അവരുടെ അവകാശവാദം പൊളിഞ്ഞു. ഈ വിജയത്തിന്റെ മറവിൽ യു.ഡി.എഫിനെ ഇല്ലാതാക്കി ബി.ജെ.പി.യെ വളർത്താനുള്ള തന്ത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത് ശബരിമല വിഷയമുണ്ടായ കാലത്ത് തുടങ്ങിയതാണെന്നും ചെന്നിത്തല പറഞ്ഞു.

മതേതരമനസ്സിനെ വിഷലിപ്തമാക്കാനുള്ള പ്രചാരണമാണ് സി.പി.എമ്മും മുഖ്യമന്ത്രിയും നടത്തുന്നത്. ഭരണസംവിധാനം ഉപയോഗിച്ച് കൊള്ളയും അഴിമതിയും നടത്തിയ സർക്കാരാണിത്. അതെല്ലാം ശുദ്ധീകരിക്കുന്നതാണ് തിരഞ്ഞെടുപ്പുവിജയമെന്ന് മുഖ്യമന്ത്രി കരുതുന്നത് നിരർഥകമാണ്. ജോസ് കെ. മാണി വിഭാഗം കേരള കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കിയില്ല. പാലാ നഗരസഭയിലുൾപ്പെടെ അവർക്കു നഷ്ടമുണ്ടായി. പി.ജെ. ജോസഫ് വിഭാഗം നല്ലമുന്നേറ്റമുണ്ടാക്കിയതായും ചെന്നിത്തല പറഞ്ഞു. കോട്ടയത്തിനുപുറത്ത് സ്വാധീനം നഷ്ടമാവുകയാണ് ജോസ് വിഭാഗത്തിന് ഉണ്ടായിട്ടുള്ളതെന്ന് മോൻസ് ജോസഫും പറഞ്ഞു.

എസ്.ഡി.പി.ഐ.യുമായി ധാരണയുണ്ടാക്കിയാണ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 62 തദ്ദേശ സ്ഥാപനങ്ങളിൽ അവർക്കു ധാരണയുണ്ട്. 90 സീറ്റിലേക്ക് എസ്.ഡി.പി.ഐ.യെ എത്തിച്ചത് എൽ.ഡി.എഫാണ്. കഴിഞ്ഞതവണ ഭാരവാഹിസ്ഥാനങ്ങൾപോലും അവർ പങ്കിട്ടെടുത്തിട്ടുണ്ട്. ആ എൽ.ഡി.എഫാണ് വർഗീയരാഷ്ട്രീയത്തെക്കുറിച്ചു പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

21-ന് ജില്ലാതലത്തിൽ യു.ഡി.എഫ്. ചേരാനും ജനുവരി ഒമ്പതിന് വിപുലമായ സംസ്ഥാനയോഗം ചേരാനും തീരുമാനിച്ചു. 22-ന് രാജ്ഭവനിൽ ജനപ്രതിനിധികളടക്കം പങ്കെടുക്കുന്ന കർഷകകൂട്ടായ്മ സംഘടിപ്പിക്കും.

Content Highlights: Ramesh Chennithala on Kerala Local Body Election 2020