ചെന്നൈ: മലയാളത്തിന് അനശ്വര ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രമുഖ നിര്‍മാതാവ് എം.ഒ. ജോസഫ് (87) അന്തരിച്ചു.ചെന്നൈ സാന്തോമിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അന്ത്യം. ഒരു കാലത്ത് മലയാള സിനിമയുടെ മുഖമുദ്രയായിരുന്നു എം.ഒ. ജോസഫിന്റെ 'മഞ്ഞിലാസ് ഫിലിംസ്'. തൃശ്ശൂര്‍ സ്വദേശിയായ അദ്ദേഹം എറണാകുളത്തെ കോളേജ് പഠനകാലത്തുതന്നെ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. എറണാകുളത്തെ ഷേണായീസ് തിയേറ്റര്‍ ശൃംഖലയുടെ മാനേജരായിരുന്നു അച്ഛന്‍ ജോസഫ് മഞ്ഞില. അച്ഛന്റെ സുഹൃത്തായ ചലച്ചിത്രനിര്‍മാതാവ് ടി.ഇ. വാസുദേവനാണ് സിനിമയിലേക്ക് വഴിതുറന്നത്. 1967-ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് നവയുഗ പിക്‌ചേഴ്‌സ് എന്ന നിര്‍മാണക്കമ്പനി ആരംഭിച്ചു. പ്രേംനസീര്‍ നായകനായ 'നാടന്‍ പെണ്ണാ'ണ് ആദ്യചിത്രം. 'തോക്കുകള്‍ കഥപറയുന്നു' എന്ന ചിത്രവും ഇതേ ബാനറില്‍ നിര്‍മിച്ചു. പിന്നീട് സ്വന്തം നിര്‍മാണക്കമ്പനിയായ മഞ്ഞിലാസ് ഫിലിംസ് ആരംഭിച്ചു. മലയാറ്റൂരിന്റെ 'യക്ഷി'യാണ് മഞ്ഞിലാസിന്റെ ആദ്യചിത്രം. 1985-ല്‍ പുറത്തിറങ്ങിയ 'പാറ'യാണ് അവസാന ചിത്രം. അടിമകള്‍, കടല്‍പ്പാലം, വാഴ്വേമായം, അരനാഴികനേരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ദേവി, പുനര്‍ജന്‍മം, ചട്ടക്കാരി, ഗുരുവായൂര്‍ കേശവന്‍, കലിയുഗം, ലിസി, അഗ്നിനക്ഷത്രം, ഞാന്‍ ഞാന്‍ മാത്രം, അണിയറ, ഏഴുനിറങ്ങള്‍, പറങ്കിമല, ഈണം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 1969-ല്‍ പുറത്തിറങ്ങിയ 'കടല്‍പ്പാലം' സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണം കരസ്ഥമാക്കി. വയലാര്‍- ദേവരാജന്‍ ജോടിയുടെ അനശ്വരഗാനങ്ങളില്‍ പലതിന്റെ പിന്നിലും മഞ്ഞിലാസ് എന്ന ബാനറും തിളങ്ങി. കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: ജോസി, മാത്യു (അബുദാബി), ബീന (ഡല്‍ഹി), റൂബി(മസ്‌കറ്റ്), അനു(മുംബൈ). മരുമക്കള്‍: സിസി, സുനിത മാത്യു, സിബി സിറിയക് ജെയിംസ്, രഞ്ജന്‍ ജോസഫ്, ആന്റണി പരോക്കാരന്‍. ശവസംസ്‌കാരം ഞായറാഴ്ച മൂന്നുമണിക്ക് മന്ദവേലി പള്ളി സെമിത്തേരിയില്‍.