ചെന്നൈ: ഉയര്‍ന്ന നിരക്കിലുള്ള ചരക്ക്- സേവന നികുതി (ജി.എസ്.ടി.) ശിവകാശിയിലെ പടക്കനിര്‍മാണ യൂണിറ്റുകള്‍ക്കു തിരിച്ചടിയായി. ഏറ്റവും കൂടുതല്‍ പടക്കവില്‍പ്പന നടക്കുന്ന ദീപാവലിക്കാലത്തുതന്നെ നിര്‍മാണം 30 ശതമാനത്തിലേറെ കുറയ്‌ക്കേണ്ടിവന്നിരിക്കുകയാണ്. ജി.എസ്.ടി. നടപ്പാക്കിയതോടെ നിര്‍മാണച്ചെലവ് വര്‍ധിച്ചതും ഡല്‍ഹിയടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ പടക്കം നിരോധിച്ചതുമാണു നിര്‍മാണത്തെ ബാധിച്ചിരിക്കുന്നത്.

പടക്കങ്ങള്‍ക്ക് 28 ശതമാനമാണു ജി.എസ്.ടി. ചുമത്തുന്നത്. മുമ്പ് രണ്ടുശതമാനം വില്പനനികുതിയും 12.5 ശതമാനം എക്‌സൈസ് തീരുവയും ഈടാക്കിയിരുന്ന സ്ഥാനത്താണിത്. കൂലിയടക്കമുള്ള ചെലവുകളിലുണ്ടായ വര്‍ധന കൂടിയായതോടെ പടക്കവിലയില്‍ വന്‍വര്‍ധന വരുത്തേണ്ടിവന്നു.

നോട്ടുനിരോധനത്തിനു തൊട്ടുപിന്നാലെ ജി.എസ്.ടി. കൂടിവന്നതോടെ നിലനില്‍പ്പ് അപകടത്തിലായിരിക്കുകയാണെന്നു തമിഴ്‌നാട് ഫയര്‍വര്‍ക്‌സ് ആന്‍ഡ് അമോര്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആസൈ തമ്പി പറഞ്ഞു. ജി.എസ്.ടി. നിരക്ക് 28 ശതമാനത്തില്‍നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്നാണു പടക്കനിര്‍മാതാക്കളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചു നടത്തിയ സമരത്തെത്തുടര്‍ന്ന് 18 ശതമാനമായി കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

ഒരു വര്‍ഷം ശിവകാശിയില്‍ രണ്ടായിരം കോടി രൂപയുടെ പടക്കമാണു നിര്‍മിക്കുന്നത്. ആയിരത്തിലേറെ പടക്കനിര്‍മാണശാലകള്‍ ഉണ്ട്. രാജ്യത്തെ പടക്കനിര്‍മാണത്തിന്റെ 90 ശതമാനവും ശിവകാശിയിലാണു നടക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന പടക്കങ്ങളില്‍ 80 ശതമാനവും വിറ്റുപോകുന്നത് ദീപാവലിക്കാലത്താണ്. ഡല്‍ഹിയടക്കമുള്ള ദേശീയ തലസ്ഥാനമേഖല( എന്‍.സി.ആര്‍.) കൂടാതെ ഹരിയാണ, പഞ്ചാബ്, ഗുജറാത്ത്, മുംബൈ തുടങ്ങിയേടങ്ങളിലേക്കു മുന്‍വര്‍ഷത്തെക്കാള്‍ 40 ശതമാനത്തോളം കുറവു പടക്കങ്ങളാണ് ഇത്തവണ പോയിട്ടുള്ളത്.