കടുത്തുരുത്തി: ജൈവവൈവിധ്യത്തിന് ദോഷംചെയ്യുന്ന ചെഞ്ചെവിയൻ (റെഡ് ഇയേർഡ് സ്ലൈഡർ ടർട്ടിൽ) ആമയെ മാഞ്ഞൂരിൽ കണ്ടെത്തി. കുറുപ്പന്തറ മള്ളിയൂർ തോട്ടിൽനിന്നു മീൻപിടിക്കുന്നതിനിടെ മേമ്മുറി പുളിക്കൻവീട്ടിൽ ശ്രീജേഷിന്റെ വലയിൽ ആമ കുടുങ്ങുകയായിരുന്നു.അപൂർവയിനത്തിലുള്ള ആമയാണിതെന്ന് തിരിച്ചറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

കഴിഞ്ഞ ദിവസം മലങ്കര ജലാശയത്തിൽ മീൻപിടിക്കുന്നതിനിടെ മൂലമറ്റം മഠത്തിപ്പറമ്പിൽ രാഹുലിന്റെ വലയിലും ചെഞ്ചെവിയൻ ആമ കുടുങ്ങിയിരുന്നു. ഇതിനെ പിന്നീട് വനംവകുപ്പിന് കൈമാറി. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശ്ശൂരിലും ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു. ജലാശയങ്ങളിലെ സസ്യജാലങ്ങളെയും മത്സ്യസമ്പത്തിനെയും തവളകളെയും നശിപ്പിക്കുന്ന ഇനത്തിൽപ്പെട്ട ആമയാണിത്. ജൈവവൈവിധ്യം തകർക്കുന്നതിനാലാണ്‌ പല രാജ്യങ്ങളും ഇതിന്റെ ഇറക്കുമതിക്കും വിൽപ്പനയ്ക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ള, കൗതുകം ഉണർത്തുന്ന ആമയ്ക്ക് അഞ്ചു സെന്റിമീറ്റർ വലുപ്പമേ തുടക്കത്തിൽ ഉണ്ടാകൂ. 35 സെന്റിമീറ്ററോളം ഇവ വലുതാകുമെന്നാണ് അധികൃതർ പറയുന്നത്. മള്ളിയൂർ തോട്ടിൽ ആമയെ കണ്ടെത്തിയതോടെ സമീപത്തെ കൃഷിയിടങ്ങളിലും പാടശേഖരങ്ങളിലുമുള്ള കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.