തിരുവല്ല: ചെങ്ങന്നൂര്‍-തിരുവല്ലാ രണ്ടാംപാതയില്‍ ഓണത്തോടെ ട്രെയിന്‍ ഓടിത്തുടങ്ങിയേക്കും. മുഖ്യ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്കു ശേഷം അന്തിമ തിയ്യതി അറിയാനാകും. ആഗസ്ത് രണ്ടാം വാരം സുരക്ഷാ കമ്മീഷണര്‍ പാതയില്‍ പരിശോധന നടത്തും. ആഗസ്ത് 11ന് കമ്മീഷണര്‍ പരിശോധനയ്‌ക്കെത്തുമെന്നാണ് വിവരം. 10ന് പിറവം പാതയില്‍ പരിശോധന നടക്കും. തിയ്യതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പായിട്ടില്ല.
തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിലുള്ള ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയപാത പണിതത്. നാലുവര്‍ഷം മുമ്പ് പണികള്‍ തുടങ്ങി. തിരുവല്ലായ്ക്കും ചെങ്ങന്നൂരിനുമിടയില്‍ ഇനി രണ്ടു ലെവല്‍ ക്രോസ്സുകളാണുള്ളത്; പുഷ്പഗിരിയും, ഓതറയും. ബാക്കി നാലിടത്ത് പുതിയ അടിപ്പാതകള്‍ നിര്‍മിച്ചു. 

കല്ലിശ്ശേരി-ഓതറ റോഡിലുള്ള പമ്പ, പ്രാവിന്‍കൂട്-ഓതറ റോഡിലുള്ള തൈമറവുംകര, കുറ്റൂര്‍-വള്ളംകുളം റോഡിലുള്ള കുറ്റൂര്‍, ഇരുവെള്ളിപ്പറ എന്നിവിടങ്ങളിലാണ് പുതിയ അടിപ്പാതകള്‍ പണിതത്. പമ്പാനദിക്കു കുറുകെ കല്ലിശ്ശേരിയിലും, വരട്ടാറിലും, മണിമലയാറിനു കുറുകെ കുറ്റൂരും വലിയ പാലങ്ങള്‍ പണിതു. പുതിയ പാത ഗതാഗത സജ്ജമാക്കുന്നതിനായി ചേര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ വെട്ടുന്ന ജോലികള്‍ പൂര്‍ത്തിയായി. കുറ്റൂരിലെ പഴയ ലെവല്‍ക്രോസ്സില്‍നിന്ന വലിയ മാവ് വ്യാഴാഴ്ച വെട്ടിമാറ്റി. രണ്ടു പാളങ്ങളുടേയും ഇടയിലാണ് മാവ് നിന്നിരുന്നത്. ഇവിടെ അടിപ്പാത വന്നതോടെ ലെവല്‍ക്രോസ് ഇല്ലാതായി. ഗാര്‍ഡ്മുറിയും ഉടന്‍ പൊളിക്കും.

രണ്ടാം പാതയിലെ വൈദ്യുതീകരണം അടക്കമുള്ള സാങ്കേതിക ജോലികളും പൂര്‍ത്തിയായി. അവസാനവട്ട നിരീക്ഷണം നടത്തിവരികയാണിപ്പോള്‍. പാതയില്‍ ജൂണ്‍ 21ന് പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
 വൈദ്യുതീകരിച്ചിട്ടില്ലാതിരുന്നതിനാല്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ട്രാക്കിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

പുതിയപാത എല്ലാത്തരത്തിലും ഗതാഗത സജ്ജമായോയെന്ന് ഉറപ്പുവരുത്തേണ്ടത് റെയില്‍വേ സുരക്ഷാ കമ്മീഷണറാണ്. പരിശോധനയില്‍ അനുകൂല റിപ്പോര്‍ട്ടുണ്ടായാല്‍ അടുത്ത ദിവസം മുതല്‍ തീവണ്ടി കടത്തിവിടാം. പിഴവുകള്‍ കണ്ടെത്തിയാല്‍ അത് പരിഹരിച്ചശേഷമാകും ഗതാഗതം. ഗുരുതര പിഴവുണ്ടായാല്‍ വീണ്ടും പരിശോധന വേണ്ടിവരും. 

കഴിഞ്ഞ മാര്‍ച്ചില്‍ പണികള്‍ തീര്‍ത്ത് ഗതാഗതം നടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വൈദ്യുതീകരണ ജോലികള്‍ നീണ്ടു. തിരുവല്ലായില്‍നിന്നു കോട്ടയത്തേക്കുള്ള പണികള്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടില്ല.