തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ വാഹനം കടന്നുപോയ ഭാഗങ്ങളിലെ ക്യാമറാ ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം നോട്ടീസ് നൽകി.

ശ്രീറാം കാറിൽ കയറി എന്നുപറയുന്ന കവടിയാർ മുതൽ അപകടം നടന്നതിന് തൊട്ടടുത്തുള്ള എൽ.എം.എസ്. ജങ്ഷൻ വരെയുള്ള ഭാഗത്തെ ക്യാമറകളാണ് പരിശോധിക്കുന്നത്. റോഡിലെ മോട്ടോർ വാഹനവകുപ്പിന്റേയും പോലീസിന്റേയും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയിലെ ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.

ഇതിൽ അപകടം നടന്നതിന് സമീപത്തെ പബ്ലിക് ഓഫീസിലെ ചില ക്യാമറാദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഈ ഭാഗത്തെ പോലീസിന്റെ നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അധികൃതർ പറഞ്ഞത്.

വാഹനത്തിന്റെ വേഗം കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് വിശദമായ പരിശോധന നടത്തും. പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി വരികയാണ്. സാക്ഷികൾ അസൗകര്യം അറിയിച്ചതിനാൽ ഞായറാഴ്ച മൊഴിരേഖപ്പെടുത്തൽ നടന്നില്ല. കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമനേയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനേയും വെള്ളിയാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

Content Highlights: Check cctv cameras on accident death of KM Basheer