കൊച്ചി: അഞ്ചുമക്കൾക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തിൽ ആരോപണ വിധേയനും സസ്പെൻഷനിലുമുള്ള എ.എസ്.ഐ. വിനോദ് കൃഷ്ണയ്ക്കെതിരേ 27 ലക്ഷം രൂപയുടെ വഞ്ചനക്കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് വിനോദ് കൃഷ്ണയ്ക്കെതിരേ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വാഴക്കാല സ്വദേശി അസ്‌ലം ഉളിക്കുന്നോൻ നൽകിയ പരാതിയിലാണ് കേസ്. വിനോദ്കൃഷ്ണ ഒന്നാംപ്രതിയായ കേസിൽ സതീഷ് കുമാർ, സായി ശങ്കർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. വിനോദ് കൃഷ്ണയുടെ സുഹൃത്തുക്കളായ സതീഷ്‌കുമാറും സായി ശങ്കറും ചേർന്നു നടത്തുന്ന ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് ആദ്യം 18 ലക്ഷം രൂപ വാങ്ങി. മാർച്ച്‌ 13 നായിരുന്നു ഇത്.

പിന്നീട് മാർച്ച്‌ 15-ന് ചെന്നൈയിൽ കസ്റ്റംസിന്റെ ലേലത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ്‌ ഒമ്പതുലക്ഷം കൂടി വാങ്ങി. ചെന്നൈയിലെ ബാങ്കിൽ വെച്ച്‌ വിനോദ്കൃഷ്ണ തന്നെ പണം കൈപ്പറ്റിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്‌. പരാതിക്കാരനിൽനിന്ന് കൈപ്പറ്റിയ പണം തിരികെ നൽകാതെ ചതിച്ചുവെന്നാണ് കേസ്.

ഐ.പി.സി. 406, 420, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. മകളെ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാൻ പോലീസ് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ആയിരുന്ന വിനോദ് കൃഷ്ണയെ അന്വേഷണ വിധേയമായി ജില്ലാ സായുധ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നാലെ സസ്പെൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും തൃക്കാക്കര പോലീസ് പറഞ്ഞു.

content highlights: cheating case of 27 lakh rupee registered agaisnt asi vinod krishna