കൊല്ലം : സംസ്ഥാനത്തെ നിയമചരിത്രത്തിലാദ്യമായി ഒരു കേസിലെ പ്രതികൾക്കെല്ലാം കുറ്റപത്രം പെൻഡ്രൈവിലാക്കി നൽകുന്നു. കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിലെ 52 പ്രതികൾക്കും നൽകാനായി കുറ്റപത്രത്തിന്റെ ഡിജിറ്റൈസേഷൻ ഏതാണ്ട് പൂർത്തിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പെൻഡ്രൈവിലാക്കിയ കുറ്റപത്രം നൽകുമെന്നാണ് അറിയുന്നത്.

നേരത്തേ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പതിനായിരത്തിലേറെ പേജുകളുണ്ട്. അഞ്ചു വാല്യങ്ങളായി തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രം 52 പ്രതികൾക്കും നൽകുമ്പോൾ അഞ്ചരലക്ഷത്തോളം പേജുകൾ വരും. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി രവീന്ദ്രൻ പെൻഡ്രൈവ് രൂപത്തിൽ കുറ്റപത്രം നൽകണമെന്ന ഹർജി നൽകുകയായിരുന്നു. പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സെബ ഉസ്മാൻ ഇത് അംഗീകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. എന്നാൽ ഏതെങ്കിലും പ്രതി കടലാസിൽ കുറ്റപത്രം ആവശ്യപ്പെട്ടാൽ നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ഡൽഹി വർഗീയകലാപ കേസിൽ പെൻഡ്രൈവിൽ കുറ്റപത്രം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർമാർ ഹർജി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് താൻ ഇത്തരമൊരു ഹർജി നൽകിയതെന്ന് പാരിപ്പള്ളി രവീന്ദ്രൻ പറഞ്ഞു.

പുറ്റിങ്ങൽ ദുരന്തത്തിൽ മരിച്ച 110 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, 110 ഇൻക്വസ്റ്റ് റിപ്പോർട്ട്, 1658 സാക്ഷിമൊഴികൾ, 750 പരിക്ക് സർട്ടിഫിക്കറ്റുകൾ, 448 തൊണ്ടിമുതൽ രേഖകൾ, സ്ഫോടകവസ്തുക്കളെക്കുറിച്ചുള്ള സെൻട്രൽ ഫൊറൻസിക് ലാബ് റിപ്പോർട്ട്, ഡി.എൻ.എ. പരിശോധനാ ഫലം എന്നിവ കുറ്റപത്രത്തിലുണ്ട്. 52 പ്രതികൾക്കും സമൻസ് അയച്ച് കുറ്റപത്രത്തിന്റെ കോപ്പി ലഭിച്ചെന്ന് കോടതി ഉറപ്പുവരുത്തും. പിന്നീട് പ്രത്യേക കോടതിയിലാകും വിചാരണ. വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ ഏറ്റവുംവലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10-ന് പുലർച്ചെ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായത്. ദുരന്തത്തിൽ 110 പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Content Highlights: Charge sheet in Pen drive, first time in Kerala