തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനും ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുവിട്ടതിനും മുൻ ഡി.ജി.പി. ജേക്കബ് തോമസിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകി. രണ്ടുവർഷംവരെ തടവോ, 2000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഡി.ജി.പി. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുന്നതും പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതും സംസ്ഥാനത്ത് ആദ്യമാണ്.

പോലീസ്‌സേനാ അവകാശനിയന്ത്രണനിയമത്തിലെ മൂന്നും നാലും വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥർ സർക്കാർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുന്നതും വിവരങ്ങൾ പങ്കുെവക്കുന്നതും തടയുന്നതാണ് ഈ നിയമം.

‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകമാണ് കേസിലെ പ്രധാന തൊണ്ടിമുതൽ. പിണറായി സർക്കാരിന്റെ കടുത്ത വിമർശകനായി മാറിയ ജേക്കബ് തോമസിനെ പുസ്തകം എഴുതിയതിന്റെ പേരിൽ 2017 ഡിസംബറിൽ സസ്പെൻഡ് ചെയ്തിരുന്നു. 2020 മേയിൽ വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് കേസിൽ പ്രോസിക്യൂഷന് അനുമതി നൽകിയത്.

പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 36 സാക്ഷികളുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ചീഫ് സെക്രട്ടറി പകർപ്പ് ആവശ്യപ്പെട്ടെങ്കിലും ജേക്കബ് തോമസ് നൽകിയില്ലെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ബാർക്കോഴ വിവാദം, ബന്ധുനിയമനക്കേസ്, തുടങ്ങിയ വിവാദവിഷയങ്ങളിൽ പുസ്തകത്തിലുള്ള പരാമർശങ്ങൾ ഔദ്യോഗിക രഹസ്യങ്ങളുടെ വെളിപ്പെടുത്തലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് പിന്നീട് സർക്കാരിന്റെ വിമർശകനായി മാറുകയായിരുന്നു. ഇ.പി. ജയരാജനെതിരേ വിജിലൻസ് കേസിന്റെ അന്വേഷണത്തിനിടെയാണ് അദ്ദേഹം സർക്കാരുമായി ഇടഞ്ഞത്.

Content Highlight: Jacob Thomas charge sheet