ചങ്ങനാശ്ശേരി: ശബരിമലയിൽ പോലീസിനെ ഉപയോഗിച്ച് കാര്യങ്ങൾ നടത്താനുള്ള സർക്കാരിന്റെ അന്യായമായ നീക്കമാണ് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ.

വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ സന്നിധാനത്ത് യുദ്ധസമാനമായ രീതിയിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ആചാരങ്ങൾ പാലിച്ചുവരുന്ന ഭക്തരെ അകാരണമായി തടയുകയും ലോക്കപ്പിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും കൂടുതൽ സങ്കീർണമാകുകയേയുള്ളൂവെന്നും ബന്ധപ്പെട്ടവർ മനസ്സിലാക്കിയാൽ നന്ന് -സുകുമാരൻ നായർ പറഞ്ഞു.

സുപ്രീംകോടതിവിധി നടപ്പാക്കാ‍ൻ സർക്കാർ കാണിച്ച തിടുക്കമാണ് ശബരിമലയിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങളാണ് സുരക്ഷയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഭക്തർക്ക് പകൽസമയത്തുപോലും പമ്പയിലോ സന്നിധാനത്തോ എത്താൻ അനുവാദമില്ല.

കോടിക്കണക്കിന് ഭക്തർ ആചാരങ്ങൾ പാലിച്ച് സമാധാനപരമായി ദർശനം നടത്തുന്നതാണ് ശബരിമലയിലെ പതിവ്. ഇത്തവണ അനുഭവം മറിച്ചാണ്. ഭക്തർ ശബരിമലയിലേക്ക്‌ എത്താൻപോലും മടിക്കുന്നു. എത്തുന്നവർക്ക് യാതനകൾ അനുഭവിക്കേണ്ടിവരുന്നു. പ്രാഥമികാവശ്യങ്ങൾക്കോ വിരിവെച്ച് വിശ്രമിക്കാനോ സൗകര്യമില്ല. കുടിവെള്ളം, ഭക്ഷണം എന്നിവയും കിട്ടുന്നില്ല.

യുവതീപ്രവേശം സംബന്ധിച്ച വിധിയോട് ഭരണഘടനാബെഞ്ചിലെ ഏക വനിതാഅംഗം വിയോജിച്ചതും ശ്രദ്ധേയമാണ്. തങ്ങൾക്കുവേണ്ടത് ശബരിമലയിലെ പ്രവേശനസ്വാതന്ത്ര്യമല്ല, ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണമാണെന്ന് പറഞ്ഞ് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഭൂരിപക്ഷം സ്ത്രീകളും നാമജപപ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽപ്പോലും റിവ്യൂ ഹർജിയോ സാവകാശ ഹർജിയോ നൽകാൻ ദേവസ്വം ബോർഡോ സംസ്ഥാനസർക്കാരോ തയ്യാറാകുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.