chandy oommenകരുനാഗപ്പള്ളി: കഴിഞ്ഞദിവസം ചവറയിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകനായ ചാണ്ടി ഉമ്മന്‍ കോടതിയിലെത്തി.

കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ വാഹനത്തിനുനേരേ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരേ പോലീസ് ചുമത്തിയിരുന്നത്. ഇവരെ ചവറ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ ഇവര്‍ക്കായി ഹാജരായത്.

പന്മന ഗ്രാമപ്പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. ഈസമയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍രാജ് ചാണ്ടി ഉമ്മനോട് വിവരങ്ങള്‍ ധരിപ്പിച്ചു. ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ ചാണ്ടി ഉമ്മന്‍ ഉടന്‍തന്നെ ഒരു പ്രവര്‍ത്തകന്റെ ഷര്‍ട്ടും പാന്റ്സും ഇട്ട് വക്കാലത്തുമായി കോടതിയില്‍ എത്തുകയായിരുന്നു. സുപ്രീംകോടതിയിലെ അഭിഭാഷകനായ മനു അഭിഷേക് സിങ്വിയുടെ ജൂനിയറാണ് ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ പോലീസിന്റെ വാദവും കേട്ട കോടതി അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു. ചാണ്ടി ഉമ്മനെ കൂടാതെ, മറ്റു നാല് അഭിഭാഷകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി കോടതിയില്‍ എത്തിയിരുന്നു.