തിരുവനന്തപുരം: ജി.എസ്.എൽ.വി. മാർക്ക്-3 ചന്ദ്രയാനെ വിക്ഷേപിച്ച ഭ്രമണപഥം മികച്ചതായതിനാൽ വ്യാഴാഴ്ച മാത്രമേ ഭ്രമണപഥം ഉയർത്തൽ വേണ്ടിവരൂവെന്ന് വി.എസ്.എസ്.സി. ഡയറക്ടർ എസ്. സോമനാഥ്.

സെപ്റ്റംബർ ഏഴിനു പുലർച്ചെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ പതുക്കെ ഇറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ 2-ന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. കൃത്യമായ ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായതിനാൽ തത്കാലം ഭ്രമണപഥം ഉയർത്തൽ വേണ്ടന്നുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജി.എസ്.എൽ.വി.യുടെ ആദ്യ ഓപ്പറേഷണൽ ഫ്ലൈറ്റിൽത്തന്നെ രൂപകല്പന ചെയ്ത അത്രയും ഭാരമുള്ള പേലോഡുകൾ കൊണ്ടുപോകാനായെന്ന് എൽ.പി.എസ്.സി. ഡയറക്ടർ വി. നാരായണൻ പറഞ്ഞു. കഴിഞ്ഞ ദൗത്യത്തിൽ ഉൾപ്പെടുത്തിയതിനെക്കാൾ 500 കിലോഗ്രാം കൂടുതൽ പേലോഡ് ഉൾപ്പെടുത്താനായി.

റോക്കറ്റിലെ എൽ-ഒന്ന് ഘട്ടമാണ് ഇതിനു സഹായിച്ചത്. ലാൻഡർ ചന്ദ്രോപരിതലം തൊടാൻ പുതിയൊരു പ്രൊപ്പൽഷൻ സംവിധാനം വികസിപ്പിക്കാൻ എൽ.പി.എസ്.സി.ക്കായി. വി.എസ്.എസ്.സി., എൽ.പി.എസ്.സി., ഐ.ഐ.എസ്.യു. തുടങ്ങിയവയ്ക്ക് ചന്ദ്രയാൻ-2ന്റെ വിക്ഷേപണവിജയത്തിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഘട്ടംഘട്ടമായാണ് 4000 കിലോഗ്രാം പേലോഡ് എന്ന നേട്ടത്തിലേക്കെത്തിയത്. ജി.എസ്.എൽ.വി.യിലെ അടുത്ത ലക്ഷ്യം 4280 കിലോഗ്രാം പേലോഡ് ആണെന്ന് ചന്ദ്രയാൻ-2 മിഷൻ ഡയറക്ടർ ജെ. ജയപ്രകാശ് പറഞ്ഞു.

വിമാനത്താവളത്തിലെത്തിയ സംഘത്തെ ഐ.എസ്.ആർ.ഒ.യുടെ വിവിധ കേന്ദ്രങ്ങളിലെ ജീവനക്കാർ സ്വീകരിച്ചു. ഐ.ഐ.എസ്.യു. ഡയറക്ടർ സാം ദയാല ദേവ്, ചന്ദ്രയാൻ-2 ദൗത്യത്തിലെ മിഷൻ ഡയറക്ടർ കെ.സി. രഘുനാഥപിള്ള, അസോസിയേറ്റ് ഡയറക്ടർ പി.എം. എബ്രഹാം, വി.എസ്.എസ്.സി. ക്വാളിറ്റി ഡെപ്യൂട്ടി ഡയറക്ടർ വത്സല എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ചന്ദ്രയാൻ-2 ശരിയായ ദിശയിൽ -ഐ.എസ്.ആർ.ഒ.

ബെംഗളൂരു: തിങ്കളാഴ്ച വിക്ഷേപിച്ച ചന്ദ്രയാൻ-2 പേടകം ‘നല്ല ആരോഗ്യത്തോടെ’യിരിക്കുന്നുവെന്നും ‘ശരിയായ ദിശയിൽ’ നീങ്ങുന്നുണ്ടെന്നും ഐ.എസ്.ആർ.ഒ. ചൊവ്വാഴ്ച അറിയിച്ചു. ചന്ദ്രയാൻ-2 ചെറിയൊരു നാഴികക്കല്ല് പിന്നിട്ടിട്ടുണ്ടെന്നും അത് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ഐ.എസ്.ആർ.ഒ. പറഞ്ഞു. സമയമാകുമ്പോൾ ഇക്കാര്യം അറിയിക്കുമെന്ന് ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥൻ പറഞ്ഞു.

content highlights: chandrayaan 2, vssc director , S somanath