മലപ്പുറം: ജനിച്ചുവീഴുമ്പോള്‍ 90 ശതമാനം വൈകല്യമായിരുന്നു അമലിന്. സെറിബ്രല്‍ പാര്‍സി എന്ന രോഗം ആ കൊച്ചുശരീരത്തെ ചുരുട്ടിമടക്കി. തിരിച്ചുകിട്ടില്ലെന്ന് എല്ലാവരും വിധിയെഴുതിയപ്പോഴും അവന്റെ ഉപ്പ ഇക്ബാലും ഉമ്മ ഫെമിനയും തളര്‍ന്നില്ല. ഒരു തവണ പോലും കരഞ്ഞില്ല. ലഭ്യമായ ശാസ്ത്രീയചികിത്സകളെല്ലാം ചെയ്തു. അതിന്റെ ഭാഗമായി ബെംഗളൂരുവില്‍വെച്ച് 15 തവണയാണ് ആ കൊച്ചുശരീരം കീറിമുറിച്ചത്. അങ്ങനെ അവരുടെ ആത്മവിശ്വാസത്തിന്റെ ചിറകിലേറി അമല്‍ പറന്നത് പുതിയൊരു ആകാശത്തേക്കായിരുന്നു.

'അമലിന്റെ അധ്യാപികയായിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്നു പറഞ്ഞുകൊണ്ട് ജെ.ഡി.ടി. ഇസ്ലാം ഹൈസ്‌കൂളിലെ അധ്യാപിക എം.എസ്. അശ്വതി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പിറകേ പോയാണ് ഞങ്ങള്‍ അമല്‍ ഇക്ബാല്‍ എന്ന അദ്ഭുതബാലനെ കണ്ടെത്തുന്നത്. പത്താം ക്ലാസുകാരനായ അമല്‍ തന്റെ ചക്രക്കസേരയിലിരുന്ന് നമസ്‌കാരം പറഞ്ഞ് ഞങ്ങളെ സ്വീകരിച്ചു. 

ഇന്ന് അമല്‍ തന്നെപ്പോലുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസുകളെടുക്കും. ലോകത്തുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കും.  അക്ഷരങ്ങള്‍ വഴുതിക്കളിച്ചിരുന്ന നാക്കിനെ കഠിനാധ്വാനം കൊണ്ടു വഴക്കി അവന്‍ പ്രസംഗമത്സരങ്ങളില്‍ വിജയിയായി. നാലാം ക്ലാസിലെത്തിയപ്പോള്‍ മാത്രം വായിക്കാന്‍ തുടങ്ങിയ അവന്‍ പിന്നീട് വായനമത്സരങ്ങളില്‍ ഒന്നാമനായി. 

പങ്കെടുത്ത ക്വിസ് മത്സരങ്ങളിലെല്ലാം വിജയിയായി. തളര്‍ന്ന വലംകൈയിനെ കരുത്തുറ്റതാക്കി പഞ്ചഗുസ്തി മത്സരത്തില്‍ സംസ്ഥാനതലത്തിലെത്തി. എല്ലാ മത്സരങ്ങളിലും ജനറല്‍ വിഭാഗത്തില്‍ തന്നെ മത്സരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് രണ്ട് ഹ്രസ്വചിത്രങ്ങളിലാണ് അവന്‍ അഭിനയിച്ചത്. രണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

പുളിക്കല്‍ വി.സി. ഹൗസില്‍ ഇക്ബാലിന്റെ മകന്‍ അമല്‍ ഇന്ന് നാട്ടുകാര്‍ക്ക് അദ്ഭുതമാണ്. ചെറിയ വൈകല്യമുണ്ടെങ്കില്‍പ്പോലും കുട്ടികളെ വീടിനുള്ളിലടച്ച് സങ്കടപ്പെട്ടിരിക്കുന്നവര്‍ക്ക് അമലും അവന്റെ ഉപ്പ ഇക്ബാലും ഉമ്മ ഫെമിനയും ഒരു പാഠപുസ്തകമാവുകയാണ്. ചെറിയ കുട്ടിയാവുമ്പോള്‍ മുതല്‍ പോകുന്നിടത്തെല്ലാം ഇക്ബാല്‍ അവനെ കൊണ്ടുപോയി. ചെയ്യുന്ന പണികളുടെയെല്ലാം ഭാഗമാക്കി. 

കണ്ണൂരിലെ തേജസ്വിനി പുഴയിലെന്നപോലെ അങ്ങ് കുളുവിലെ ബിയാസ് നദിയിലും അവനെയും കൊണ്ട് റാഫ്റ്റിങ് നടത്തി. നാട്ടിലെ അങ്ങാടിയില്‍ മുതല്‍ താജ്മഹലില്‍ വരെ ചക്രക്കസേരയില്‍ സഞ്ചരിച്ചു. ഉപ്പയും ഉമ്മയും ചേര്‍ന്ന് അവനുവേണ്ടി പ്രത്യേക പാഠ്യപദ്ധതി തന്നെ ഉണ്ടാക്കി. ചക്രക്കസേര മുതല്‍ ശൗചാലയം വരെ ഇക്ബാല്‍ അമലിന് വേണ്ടി സ്വയം രൂപകല്‍പന ചെയ്തു. കുറച്ചു വായിക്കുമ്പോള്‍ത്തന്നെ കണ്ണു വേദനിക്കുമെങ്കിലും കിട്ടുന്ന പുസ്തകങ്ങളെല്ലാം അമല്‍ വായിച്ചു.

ബ്ലോഗ് തയ്യാറാക്കാന്‍ ശ്രമിക്കുമ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. ആതുരകാലത്തെ മനുഷ്യരുടെ അനാസ്ഥക്കെതിരേ ഹ്രസ്വചിത്രങ്ങള്‍ ചെയ്താലെന്താ എന്നായിരുന്നു ആലോചന.അങ്ങനെ  'മുറികൂട്ടി', 'അമല്‍' എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചു. രണ്ടിന്റേയും രചനയും സംവിധാനവും സംഗീതരചനയുമെല്ലാം ഉപ്പ ഇക്ബാല്‍ തന്നെ. 

ഒരു മാസം ലോക്ക്ഡൗണിലിരിക്കാന്‍ മനസ്സിലാത്തവരോട് ജീവിതം മുഴുവന്‍ ലോക്ക്ഡൗണിലായ തന്നെപ്പോലുള്ളവരെ ഒന്നു കാണാന്‍ ആവശ്യപ്പെടുന്നതായിരുന്നു 'മുറികൂട്ടി' എന്ന ചിത്രത്തിന്റെ സന്ദേശം. 'അമല്‍' എന്ന ചിത്രത്തില്‍ അമലിനോടൊപ്പം അഭിനയിച്ചത് പ്രശസ്ത നടന്‍ വിനോദ് കോവൂരാണ്. സമയും ഹിമയുമാണ് അമലിന്റെ സഹോദരിമാര്‍.

Content Highlight: cerebral palsy survivor Amal