കൊച്ചി: കോവിഷീൽഡ് രണ്ടാംഡോസ് 84 ദിവസത്തിനുശേഷം നൽകുന്നത് ഫലസിദ്ധി കണക്കിലെടുത്താണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. ഇക്കാര്യം വ്യക്തമാക്കി വിശദീകരണം ഫയൽ ചെയ്യാൻ ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ കേന്ദ്രത്തോട് നിർദേശിച്ചു.

തൊഴിലാളികൾക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകാത്തതിനെതിരേ കിറ്റെക്സ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഫലസിദ്ധിയാണോ ലഭ്യതയാണോ 84 ദിവസം ഇടവേള നിശ്ചയിക്കാൻ കാരണമെന്ന് കോടതി നേരത്തേ ആരാഞ്ഞിരുന്നു.

എല്ലാവരും വാക്സിൻ എടുക്കണമെന്ന നിബന്ധന ചോദ്യംചെയ്യുന്ന തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ ജീവനക്കാരൻ വി. ലാലുവിന്റെ ഹർജിയും പരിഗണനയ്ക്ക് വന്നു. സംസ്ഥാനത്തെ 69 ശതമാനം പേർക്കും ആദ്യ ഡോസ് നൽകിയെന്ന് സർക്കാർ അറിയിച്ചു. അതായത് മൂന്നിൽ രണ്ടുപേർക്ക് ആദ്യഡോസ് വാക്സിൻ ലഭിച്ചുകഴിഞ്ഞു. 25 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിക്കഴിഞ്ഞു. പൊതുതാത്‌പര്യം കണക്കിലെടുക്കുമ്പോൾ സ്വകാര്യതയുടെ പേരിൽ വാക്സിൻ എടുക്കാനാകില്ലെന്ന് പറയാനാകില്ലെന്നും സർക്കാർ ബോധിപ്പിച്ചു.

കോവിഡ് കണക്കാക്കി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ചോദ്യം ചെയ്യുന്ന കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഹർജിയും ഉണ്ട്. ഇവയെല്ലാംകൂടി ഒരുമിച്ച് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.