ആലപ്പുഴ: മഴക്കെടുതി നേരിട്ട പ്രദേശങ്ങളിലുള്ളവർക്ക് നൽകാൻ സൗജന്യമായി അരി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. സൗജന്യം അനുവദിക്കാൻ കഴിയില്ലെങ്കിൽ ഭക്ഷ്യഭദ്രത നിയമപ്രകാരം (എൻ.എഫ്.എസ്.എ.) മൂന്നുരൂപയ്ക്കെങ്കിലും അരി നൽകണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.

പകരം എം.എസ്.പി. നിരക്കിലുള്ള (കിലോയ്ക്ക് 26 രൂപ) അരി നൽകാമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതുവാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുന്നതിനാൽ സിവിൽ സപ്ലൈസ് വകുപ്പ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനായി കാക്കുകയാണ്.

കേന്ദ്രത്തിൽനിന്ന് സൗജന്യമായോ എൻ.എഫ്.എസ്.എ. നിരക്കിലോ അരി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസർക്കാർ ദുരിതബാധിതമേഖലയിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് മുതൽ മൂന്നുമാസത്തേക്ക് 15 കിലോവീതം അരി സൗജന്യമായി നൽകാനായിരുന്നു തീരുമാനം. എന്നാൽ, വിതരണം ഇനിയും തുടങ്ങാനായിട്ടില്ല.

സംസ്ഥാനത്തെ 1308 ദുരിതബാധിത വില്ലേജുകളിലായി 46.88 ലക്ഷം കുടുംബങ്ങളാണ് സൗജന്യറേഷന് കാത്തിരിക്കുന്നത്.

തിരിച്ചടിയായത് കേന്ദ്രമാനദണ്ഡം

2017-ൽ കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡത്തിൽ പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങളിലുള്ളവർക്ക് എം.എസ്.പി. നിരക്കിൽ അരി നൽകാനേ വ്യവസ്ഥയുള്ളൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിന്റെ ആവശ്യം തള്ളിയത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ഈ മാസംമുതൽ വിതരണംചെയ്യും.

- മിനി ആന്റണി, സംസ്ഥാന ഭക്ഷ്യവകുപ്പ് സെക്രട്ടറി

content highlights: centre denies Kerala's demand on free rice as flood relief