മാങ്കുളം: വാഹനങ്ങളുടെ റോഡ് നികുതിയിനത്തിൽ സ്വരൂപിക്കുന്ന കേന്ദ്ര റോഡ് ഫണ്ടിൽ(സി.ആർ.എഫ്.)നിന്ന് രണ്ടുവർഷമായി കേരളത്തിന് ഫണ്ട് കിട്ടുന്നില്ല. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ റോഡ് വികസന പദ്ധതികളാണ് വൈകുന്നത്. കഴിഞ്ഞ വർഷം മാത്രം 150 കോടിയുടെ പദ്ധതികൾ ആണ് കേന്ദ്രത്തിന് സമർപ്പിച്ചത്. ഈ വർഷവും പദ്ധതികൾ നൽകിയിട്ടുണ്ട്.

നികുതിയിനത്തിൽ ഓരോ വർഷവും കിട്ടുന്ന തുകയിൽനിന്ന് നിശ്ചിത ഫണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും റോഡ് വികസന പദ്ധതികൾക്ക് വീതിച്ച് നൽകുകയാണ് ചെയ്യുന്നത്.

സംസ്ഥാനങ്ങൾ നൽകുന്ന ശുപാർശ പരിഗണിച്ച് റോഡ് നികുതിയിൽ ഉള്ള സംഭാവനയുടെ അടിസ്ഥാനത്തിൽ ആണ് ഫണ്ട് നൽകുന്നത്. 2018-19-ൽ കൂടുതൽ തുക നൽകി എന്ന കാരണം പറഞ്ഞാണ് ഇപ്പോൾ ഫണ്ട് നിഷേധിക്കുന്നതെന്ന് ദേശീയപാതാ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ചീഫ് എൻജിനീയർ പറഞ്ഞു. മറ്റ് കാരണങ്ങൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാത്തതുമൂലമാണ് കേരളത്തിന് ഫണ്ട് നിഷേധിക്കുന്നതെന്നും പറയുന്നുണ്ട്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളും സംസ്ഥാന പാതകളും ദേശീയപാതാ നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനാണ് റോഡ് ഫണ്ടിൽനിന്ന് തുക നൽകുന്നത്. അതത് എം.പി.മാർ നൽകുന്ന ശുപാർശ ക്രോഡീകരിച്ച് സംസ്ഥാന സർക്കാർ ആണ് കേന്ദ്രത്തിന് പദ്ധതികളായി നൽകുന്നത്. ഇതിൽനിന്ന് ഫണ്ട് ലഭ്യത അനുസരിച്ച് കേന്ദ്രം പദ്ധതികൾക്ക് അനുമതി നൽകും.

ഓരോ സംസ്ഥാനത്തും ഉള്ള ദേശീയപാതാ വിഭാഗമാണ് പദ്ധതികൾ നടപ്പാക്കുക.

കുറച്ചുവർഷങ്ങളായി കേരളത്തിന് റോഡ് ഫണ്ടിൽനിന്ന് നല്ല രീതിയിൽ ഫണ്ട് കിട്ടിയിരുന്നു. രണ്ടും മൂന്നും ഘട്ടമായി 250 കോടിയോളം കിട്ടിയ വർഷങ്ങൾ ഉണ്ട്. എല്ലാ ജില്ലകളിലും സി.ആർ.എഫ്. ഫണ്ട് ഉപയോഗിച്ച് പ്രവൃത്തികൾ ചെയ്യുന്നുണ്ട്. കേന്ദ്രത്തിൽനിന്ന് ഫണ്ട് കിട്ടാത്തതുമൂലം കഴിഞ്ഞ രണ്ടുവർഷത്തെ പ്രവൃത്തികൾ ബാക്കിയുണ്ട്. സി.ആർ.എഫ്. ഫണ്ടിൽനിന്ന് വിഹിതം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും പരിഹാരം ആയിട്ടില്ല.