കടലിന്റെ അടിത്തട്ടില്‍ വരള്‍ച്ചാപ്രതിഭാസം

കേരളത്തില്‍ മത്സ്യസമ്പത്ത് 16% കുറഞ്ഞു

കൊച്ചി: രാജ്യത്തെ മത്സ്യസമ്പത്തില്‍ വന്‍ ഇടിവിനിടയാക്കി കടലിലും 'കൊടുംവരള്‍ച്ച'. ഇതുമൂലം മത്സ്യസന്പത്തില്‍ 5.3 ശതമാനമാണ് കുറവു വന്നത്. കേരള തീരത്താകട്ടെ കുറഞ്ഞത് 16 ശതമാനവും. കേന്ദ്രസമുദ്രമത്സ്യഗവേഷണകേന്ദ്രം (സി.എം.എഫ്.ആര്‍.ഐ.) നടത്തിയ പഠനത്തിലാണ് കടലിനടിത്തട്ടിലുണ്ടായ 'വരള്‍ച്ച' മത്സ്യങ്ങളെയും ബാധിച്ചതായി കണ്ടെത്തിയത്. മലയാളിയുടെ പ്രിയപ്പെട്ടയിനമായ മത്തിയുടെ ലഭ്യതയില്‍ 51 ശതമാനത്തോളമാണ്കുറവ്. കേരളത്തില്‍ കുറഞ്ഞത് 55 ശതമാനവും.

മത്സ്യലഭ്യത

ഇന്ത്യ: 2014-ല്‍ 
35.9 ലക്ഷം ടണ്‍
2015-ല്‍
34 ലക്ഷം ടണ്‍
കേരളം: 2014-ല്‍
5.76 ലക്ഷം ടണ്‍
2015-ല്‍
4.82 ലക്ഷം ടണ്‍

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മത്തിയുടെ അവസ്ഥ അടുത്ത രണ്ടുവര്‍ഷത്തേക്ക് മെച്ചപ്പെടാനിടയില്ല. മുട്ടയിടാന്‍ പാകത്തിലുള്ള മീനുകള്‍ വളരെ കുറവാണ്.  സമുദ്രത്തിന്റെ അടിത്തട്ടില്‍ ചൂടുകൂടി. ഇത് ആവാസവ്യവസ്ഥയില്‍ മാറ്റമുണ്ടാക്കി. വരള്‍ച്ച എന്നുതന്നെ വിശേഷിപ്പിക്കാവുന്ന പ്രതിഭാസമാണുണ്ടായത്. ഇതിനൊപ്പം ഭക്ഷണം കിട്ടാതെയുമായി. ഇത് മീനുകളെ പ്രതികൂലമായി ബാധിച്ചു. 

സമുദ്രത്തിന്റെ അടിത്തട്ടില്‍ ചൂട് വര്‍ധിച്ചത് ലോകമെമ്പാടുമുണ്ടായ പ്രതിഭാസമാണ്. ഇതിനുപുറമേ, എല്‍ നിനോയും മീന്‍പിടിത്തത്തില്‍ വന്ന മാറ്റങ്ങളും മത്സ്യസമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ടെന്ന് സി.എം.എഫ്.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി. കൃപ പറഞ്ഞു.

മത്തി കുറഞ്ഞത് 55 ശതമാനം

2014-ല്‍ രാജ്യത്താകെ 5.45 ലക്ഷം ടണ്‍ മത്തിയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷമിത് 2.66 ലക്ഷം ടണ്ണായി ചുരുങ്ങി. കേരളത്തില്‍ 2014-ല്‍ 1.56 ലക്ഷം ടണ്‍ ലഭിച്ചു. 2015-ല്‍ ഇത് 68,000 ടണ്ണായി കുറഞ്ഞു. കുറഞ്ഞത് 55 ശതമാനം. മത്തിക്കൊപ്പം പാമ്പാട, ചെമ്മീന്‍, ചെറിയ ചെമ്മീന്‍ വര്‍ഗങ്ങള്‍ എന്നിവയും കുറഞ്ഞു. എന്നാല്‍, കിളിമീന്‍, അയലക്കണ്ണി, അയല, മറ്റ് മത്തിയിനങ്ങള്‍ (Lesser Sardine) എന്നിവ കൂടിയിട്ടുണ്ട്.

കിട്ടിയ മീനിന്റെ കണക്കെടുപ്പില്‍ രാജ്യത്ത് മൂന്നാംസ്ഥാനമാണ് കേരളത്തിന്. ഗുജറാത്തും (7.22 ലക്ഷം ടണ്‍) തമിഴ്‌നാടും (7.09 ലക്ഷം ടണ്‍) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മത്തിയുടെ അളവില്‍ വന്ന കുറവാണ് സംസ്ഥാനം മൂന്നാംസ്ഥാനത്താകാന്‍ കാരണം.

സി.എം.എഫ്.ആര്‍.ഐ.യില്‍ നടന്ന ചടങ്ങില്‍ മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാശനം ചെയ്തു. ശാസ്ത്രജ്ഞന്മാരായ ഡോ. ടി.വി. സത്യാനന്ദന്‍, ഡോ. സുനില്‍ മുഹമ്മദ്, ഡോ. പി.യു. സക്കറിയ, ഡോ. പ്രതിഭ രോഹിത്, ഡോ. മഹേശ്വരുഡു, ഡോ. ആര്‍. നാരായണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.