തിരുവനന്തപുരം: സംസ്ഥാനത്തെ നാല്‌ ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി ദേശീയപാത അതോറിറ്റി നേരിട്ടുനടത്തും. ഇതുവരെ റോഡ്ഗതാഗത, ദേശീയപാതാ മന്ത്രാലയം (മോർത്ത്) വഴി അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോടെ പാതകളിൽ സംസ്ഥാനത്തിന് ഉത്തരവാദിത്വമില്ലാതായി.

ദേശീയപാതകളുടെ റീച്ചുകൾ അടിയന്തരമായി അതോറിറ്റിക്ക് കൈമാറാനാണ് സംസ്ഥാനത്തിനുള്ള നിർദേശം. പരിപാലനത്തിനുൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമോയെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക.

ഓരോ റീച്ചും നിർമാണക്കമ്പനികളെ ഏൽപ്പിക്കാനും സാധ്യതയുണ്ട്. അങ്ങനെവന്നാൽ ചെലവ് ഈടാക്കാൻ പലയിടത്തും ടോൾ വരുമെന്നുറപ്പാണ്. ടോൾപിരിക്കാനുള്ള നീക്കം നടന്നപ്പോഴൊക്കെ സംസ്ഥാനം എതിർത്തിട്ടുണ്ട്.

കേരളത്തിൽ നാലുപാതകൾ

1. ദേശീയപാത 66

കർണാടക അതിർത്തിമുതൽ തലപ്പാടി-തിരുവനന്തപുരം (കഴക്കൂട്ടം) വഴി തമിഴ്‌നാട് അതിർത്തിവരെയുള്ള പാത. 669 കിലോമീറ്റർ.

2. എൻ.എച്ച്.- 744

കൊല്ലം-കോട്ടവാസൽ (തമിഴ്‌നാട് അതിർത്തിവരെ). 81 കിലോമീറ്റർ

3. എൻ.എച്ച്.-85

കൊച്ചി-ബോഡിമെട്ട്. 167 കിലോമീറ്റർ

4. എൻ.എച്ച്.-966

കോഴിക്കോട്-പാലക്കാട്. 125 കിലോമീറ്റർ

പ്രതീക്ഷ, ഒപ്പം ആശങ്ക

ദേശീയപാത 66-ൽ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം റീച്ച് വികസിപ്പിക്കാൻ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം ഈയടുത്താണ് അനുമതി നൽകിയത്. പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കാൻ 25 ശതമാനം ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്‌. അതിനിടെയാണ് അതോറിറ്റിക്കുമാത്രമായി അധികാരം ചുരുങ്ങുന്നത്.

അതോറിറ്റി താത്പര്യം കാട്ടിയാൽ പാതകൾ നന്നാക്കാൻ ചെലവിടുന്ന പണം ലാഭിക്കാമെന്നതാണ് സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം. പക്ഷേ, സമയത്ത് റോഡ് നന്നാക്കുമോയെന്നാണ് ആശങ്ക. അറ്റകുറ്റപ്പണിക്കും പുനരുദ്ധാരണത്തിനും ഒരുകാലത്തും സമയത്ത് കേന്ദ്രം പണംനൽകിയിട്ടില്ല. പണം കിട്ടാതെവരുമ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ പണമെടുത്ത് റോഡ് നന്നാക്കും. അറ്റകുറ്റപ്പണി യഥാസമയം അതോറിറ്റി നടത്തിയില്ലെങ്കിൽ ആക്ഷേപം കേൾക്കേണ്ടിവരുന്നതും മരാമത്ത് വകുപ്പായിരിക്കും.

Content Highlight: Central government to run on national highways