sijoyതൃശ്ശൂർ: പ്രവാസജീവിതം തിരിച്ചടിയായ സിജോയ്ക്ക് ഇളനീരിൽ തെളിഞ്ഞത് മധുരമുള്ള ജീവിതം. നിരാശയും ആശങ്കയും നിറഞ്ഞ നാളുകളിൽ ഓർമവന്നത് മുമ്പ് പഠിച്ച സാങ്കേതിക വൈദഗ്ധ്യവും കാഞ്ഞാണിയിലെ വീടിനോട് ചേർന്ന് അനാഥമായിക്കിടന്നിരുന്ന ചെറിയ വർക്‌ഷോപ്പും. കരിക്ക് ചെത്തുന്ന ലളിതമായ ഒരു യന്ത്രം അവിടെനിന്ന് രൂപംകൊണ്ടു.

ആ കണ്ടെത്തലിന് കേന്ദ്രസർക്കാർ നൽകിയതാകട്ടെ 25 ലക്ഷത്തിന്റെ പ്രോത്സാഹനവും. രാഷ്ട്രീയ കൃഷിവിജ്ഞാൻ യോജന പദ്ധതിയിലാണ് സഹായധനം. ഇളനീർ പൊട്ടാതെ ആകർഷകമായ വടിവിൽ വെട്ടിയെടുക്കാനുതകുന്നതാണ് ഈ ചെറിയയന്ത്രം. 40 സെക്കൻഡുകൊണ്ട് ഒരു ഇളനീർ വെട്ടിയെടുക്കാം. വെട്ടാത്ത ഇളനീർപോലെ ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാനുമാകും. ‘ഓട്ടോമാറ്റിക് ടെൻഡർ കോക്കനട്ട് പീലിങ് യന്ത്ര’ത്തിന്റെ സാധ്യത മനസ്സിലാക്കിയ കെ.സി. സിജോയ് ഇതിന് കണ്ടുപിടിത്താവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.

തലശ്ശേരിയിലെ എൻ.ടി.ടി.എഫിൽനിന്ന് പഠിച്ച ടൂൾ ആൻഡ് ഡൈ മേക്കിങ് കോഴ്സ് ആണ് സാങ്കേതിക അറിവിന് തുണയായത്. കരിക്കിന് ആവശ്യക്കാർ ഏറിയതോടെ സൂപ്പർമാർക്കറ്റുകളിൽ സിജോയ് വിൽപ്പനതുടങ്ങി. ചെത്താത്ത കരിക്കിന്റെ സ്വാഭാവികത, സിജോയുടെ യന്ത്രത്തിൽ ചെത്തിയ കരിക്കിന് ഉണ്ടെന്നതിനാൽ കയറ്റുമതിക്കും ആൾക്കാരെത്തി. പായ്ക്ക് ചെയ്യാനും എളുപ്പം. സാധാരണ കരിക്ക് പത്തെണ്ണം കയറ്റുമതിചെയ്യുന്ന സ്ഥലത്ത് ഈ യന്ത്രത്തിൽ ചെത്തിയ കരിക്ക് 20 എണ്ണം അയക്കാം.

വളരെ കനംകുറച്ച് ചുരുളുകളായി ചെത്തിയെടുക്കുന്നതിനാൽ തൊലി കാലിത്തീറ്റയായും ഉപയോഗിക്കാം. കേരള കാർഷിക സർവകലാശാലയിലെ അഗ്രിബിസിനസ് ഇൻക്യുബേറ്ററിൽ അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമിൽ സിജോയിയും പങ്കാളിയായിരുന്നു. ഇവിടെനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട മികച്ച മൂന്ന് സംരംഭകർക്കാണ് കേന്ദ്രസർക്കാരിന്റെ 25 ലക്ഷംവീതം കിട്ടിയത്.

Content Highlights: Central Government has given Rs 25 lakh to a young man who has developed machine