കൊച്ചി: വിപണിയിലെത്തുന്ന അലോപ്പതിമരുന്നുകളുടെ ഗുണനിലവാരപരിശോധന ശക്തമാക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. 108 പേരെ ഡ്രഗ്സ് കൺട്രോൾ ജനറലിനുകീഴിൽ ഇൻസ്പെക്ടർമാരായി നിയമിക്കുന്ന ഉത്തരവ് പുറത്തിറങ്ങി.

മരുന്നുകളുടെയും നിർമാതാക്കളുടെയും വിതരണ-വിപണനക്കാരുടെയും എണ്ണം ദിവസംതോറും കൂടിവരുന്ന സാഹചര്യമാണ് ഇപ്പോൾ. കാര്യക്ഷമമായി പരിശോധന നിർവഹിക്കാൻ വേണ്ട മാനവശേഷി ഡ്രഗ്‌സ് വിഭാഗത്തിനില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഒറ്റയടിക്ക് ഇത്രയും നിയമനങ്ങൾ നടത്തിയത്. നിയമത്തിലെ 21, 22 വകുപ്പുകൾ പ്രകാരമുള്ള ചുമതലകളാണ് ഇവർ നിറവേറ്റുക.

ചട്ടപ്രകാരം മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും നിർമിക്കുന്ന ഏതിടത്തും ഇവർക്ക് പരിശോധന നടത്താം. ഇവ വിൽക്കുകയോ സംഭരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നിടത്തും പരിശോധന നടത്താം. എവിടെനിന്നും പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കാൻ അധികാരമുണ്ട്. മരുന്നുവിൽപ്പനയുമായോ നിർമാണവുമായോ ബന്ധമുണ്ടെന്നു തോന്നുന്ന ഏതൊരാളിനെയും പരിശോധിക്കാനും കഴിയും.

ഇത്തരം വസ്തുക്കൾ കൊണ്ടുപോകുന്നുവെന്നു സംശയിക്കുന്ന എല്ലാ വാഹനങ്ങളും യാനങ്ങളും ഡ്രഗ് ഇൻസ്പെക്ടർമാർക്ക് തടഞ്ഞുനിർത്തി പരിശോധിക്കാം. ചില്ലറ വിൽപ്പനശാലകളിലും മറ്റുമുള്ള പരിശോധനകൾ സാധാരണ സംസ്ഥാന ഡ്രഗ്സ് വിഭാഗമാണ് നിർവഹിക്കുക.

200 മെഡിക്കൽ സ്റ്റോറുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന അനുപാതമാണ് ഏറ്റവും യോജ്യമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഇതിൻറെ നാലിലൊന്നുപോലും ശക്തി ഇവർക്കില്ല. ഈ സാഹചര്യത്തിൽ കേന്ദ്രതലത്തിൽ പരിശോധനകൾക്ക് കൂടുതൽ ആളുകൾ വരുന്നത് ഗുണകരമാണ്. ചില്ലറ വിൽപ്പനശാലകളെക്കാൾ നിർമാണകേന്ദ്രങ്ങളിലെ പരിശോധനയ്ക്കായിരിക്കും കേന്ദ്രജീവനക്കാർ പ്രാമുഖ്യം നൽകുക.

Content Highlights: Central appointment of 108 Drug Inspectors