തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസിയെ ചോദ്യംചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹം സി.ബി.ഐ. ഓഫീസിലെത്തിയത്. ബാലഭാസ്‌കറിനൊപ്പം നിരവധി വിദേശ സംഗീതപരിപാടികൾ സ്റ്റീഫൻ ദേവസി നടത്തിയിരുന്നു.

അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ ബാലഭാസ്‌കറിനെ സ്റ്റീഫൻദേവസി സന്ദർശിച്ചിരുന്നു. ബാലഭാസ്‌കറിന്റെ വിദേശ സംഗീതപരിപാടികളിലും അതുസംബന്ധിച്ച യാത്രകളിലും പിന്നീട് സ്വർണക്കടത്ത് കേസിൽപ്പെട്ട വിഷ്ണു സോമസുന്ദരവും പ്രകാശൻ തമ്പിയും ഉൾപ്പെട്ടിരുന്നു. ഇവരുടെ സാന്നിധ്യവും ഇടപെടലുകളും സംബന്ധിച്ച് സ്റ്റീഫൻ ദേവസിക്ക് കൂടുതൽ വിവരങ്ങൾ നൽകാനാകുമെന്ന് സി.ബി.ഐ. സംഘം കണ്ടെത്തിയിരുന്നു.

ഡിവൈ.എസ്.പി. ടി.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്. വൈകീട്ട് ആറോടെയാണ് ചോദ്യംചെയ്യൽ പൂർത്തിയായത്.

content highlights: cbi questions Stephen devassy over balabhaskar death