പാലക്കാട്:വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണക്കേസിൽ അന്വേഷണത്തിന് തുടക്കമിട്ട് സി.ബി.ഐ. വെള്ളിയാഴ്ച സി.ബി.ഐ. സംഘം വാളയാറിലെത്തി മരിച്ച പെൺകുട്ടികളുടെ അമ്മയിൽനിന്ന്‌ മൊഴിയെടുത്തു. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാരൻനായർ, അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കേസ് ഏറ്റെടുത്തതിനുപിന്നാലെ ആദ്യമായാണ് സി.ബി.ഐ. വാളയാറിലെത്തിയത്.

രാവിലെ 10.45-ഓടെ അട്ടപ്പള്ളത്തെ വീട്ടിലെത്തിയ സംഘം വൈകീട്ട് മൂന്നുമണിവരെ വാളയാറിലുണ്ടായിരുന്നു. മൂന്നുമണിക്കൂറിലേറെ പെൺകുട്ടികളുടെ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി ഷെഡ്‌ഡിലും പരിശോധന നടത്തി. പരിസരപ്രദേശങ്ങളും പരിശോധിച്ചു. വാളയാർ നീതി സമരസമിതി പ്രവർത്തകരിൽനിന്നും അയൽവാസികളായ സാക്ഷികളിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കേസന്വേഷിച്ച വാളയാർ സ്റ്റേഷനിലെ എസ്.ഐ. ആയിരുന്ന പി.സി. ചാക്കോ മുതൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഡിവൈ.എസ്.പി. എം.ജെ. സോജൻ ഉൾപ്പെടെയുള്ളവരുടെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തുമെന്നാണ് വിവരം.

കേസന്വേഷണഭാഗമായി സി.ബി.ഐ. സംഘം പാലക്കാട്ടുതന്നെ തുടർന്നേക്കും.

പതിമൂന്നും ഒമ്പതും വയസ്സുള്ള പെൺകുട്ടികളുടെ ദുരൂഹമരണം ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സി.ബി.ഐ. ഏറ്റെടുത്തത്. പെൺകുട്ടികളുടെ അമ്മനൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേസ് ഏറ്റെടുത്ത സി.ബി.ഐ. രണ്ട് പെൺകുട്ടികളുടെ മരണവും രണ്ട് എഫ്.ഐ.ആറുകളായാണ് രജിസ്റ്റർ ചെയ്തത്.

നാല് പ്രതികൾക്കെതിരേ പോക്സോ കുറ്റം, ആത്മഹത്യാ പ്രേരണക്കുറ്റം, പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവ ചുമത്തി ഏപ്രിൽ ഒന്നിനായിരുന്നു പാലക്കാട് പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്.

2017 ജനുവരി 13-ന് പതിമൂന്നുകാരിയെയും മാർച്ച് നാലിന് സഹോദരിയായ ഒൻപതുവയസ്സുകാരിയെയുമാണ് വാളയാർ അട്ടപ്പള്ളത്തെ ഷെഡ്‌ഡിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ സമീപവാസികളായ വി. മധു, ഷിബു, എം. മധു, എ. പ്രദീപ്കുമാർ എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് പ്രതികളായി പോലീസ് കണ്ടെത്തിയത്. മതിയായ തെളിവുകളില്ലെന്ന കാരണത്താൽ വിചാരണക്കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരേ സർക്കാരും പെൺകുട്ടികളുടെ അമ്മയുമാണ് ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. പ്രതിയായിരുന്ന പ്രദീപ്കുമാറിനെ കഴിഞ്ഞ നവംമ്പർ മൂന്നിന് ചേർത്തലയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.