കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥൻ സ്വന്തം നിലയിൽ നൽകിയ ഹർജിയോടൊപ്പം ഒൗദ്യോഗിക രേഖകൾ ഹാജരാക്കിയത് എങ്ങനെയെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് വി.ജി. അരുൺ ഇക്കാര്യം ആരാഞ്ഞത്.

കോടതിയിൽ മുദ്രവെച്ച കവറിൽ കൈമാറുന്ന രേഖകളടക്കമാണ് ഹർജിയുടെ അനുബന്ധരേഖയായി സമർപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് ചാറ്റുകളുടെ മിറർ ഇമേജും ഹാജരാക്കിയിട്ടുണ്ട്. മറ്റ് അന്വേഷണ ഏജൻസിയുടെ രേഖകളും ഹാജരാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യം. വ്യക്തിയെന്ന നിലയിലാണ് ഹർജിയെങ്കിലും ഇ.ഡി. ഉദ്യോഗസ്ഥനെന്ന നിലയിൽ നിയമപരമായ സംരക്ഷണം നൽകാൻ എൻഫോഴ്‌സുമെന്റ് ഡയറക്ടറേറ്റിന് ബാധ്യതയുണ്ടെന്നായിരുന്നു സൊളിസിറ്റർ ജനറൽ വ്യക്തമാക്കിയത്. ഹർജിയോടൊപ്പം ഹാജരാക്കിയ രേഖകൾ വിചാരണകോടതിയിൽ സമർപ്പിച്ചവയാണെന്നും അറിയിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിലനിൽക്കുന്നതല്ലെന്ന വാദവും സോളിസിറ്റർ ജനറൽ ഉന്നയിച്ചു. എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ അന്വേഷണ ഉദ്യോഗസ്ഥനെതിരേ നിലനിൽക്കുകയില്ലെന്നായിരുന്നു വാദം.

പരാതി വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നായിരുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകാൻ ഓഗസ്റ്റ് 12, 13 തീയതികളിൽ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥർ മൊഴിനൽകിയിരിക്കുന്നത്. എന്നാൽ ഇത്തരമൊരു പരാതി എറണാകുളം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ സ്വപ്ന ഉന്നയിച്ചിട്ടില്ലെന്ന് എ.എസ്.ജി. വാദിച്ചു. തുടർച്ചയായി മണിക്കൂറോളം ചോദ്യംചെയ്യുകയാണെന്നും രാത്രി വൈകിയും ചോദ്യംചെയ്യുന്നുണ്ടെന്നും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നുമായിരുന്നു സ്വപ്ന കോടതിയിൽ മൊഴിനൽകിയത്. അപ്പോൾ എങ്ങനെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി നിലനിൽക്കുന്നത്. ശബ്ദരേഖ തന്റെതാണെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റൊന്നും ഇക്കാര്യത്തിൽ പറഞ്ഞിട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ 164 സ്റ്റേറ്റ്മെന്റിലും ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറയുന്നില്ല- എ.എസ്.ജി. വാദിച്ചു.

കോടതി നടപടി തുടങ്ങിയ ഘട്ടത്തിൽ സി.ആർ.പി.സി. 195 എ വകുപ്പു പ്രകാരം അത്തരത്തിലുള്ള പരാതിയിൽ കേസ് എടുക്കാനാകില്ലേയെന്ന് കോടതി ആരാഞ്ഞു. അന്വേഷണത്തിന്റെ ഇടയിലാണെങ്കിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാമെങ്കിലും കോടതി നടപടികൾക്കിടയിൽ ഇത് സാധ്യമല്ലെന്നായിരുന്നു എ.എസ്.ജി.യുടെ വാദം.

ഇതിനിടയിലാണ് ഹർജിയിൽ വിശദീകരണത്തിന് സമയം വേണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഉന്നയിക്കുന്നതും ഹർജി മാർച്ച് 30-ലേക്ക് മാറ്റുന്നതും.

ഹാജരായത് സൊളിസിറ്റർ ജനറൽ മുതൽ സ്റ്റാൻഡിങ് കോൺസൽ വരെ

ഇ.ഡി. ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരായത് സൊളിസിറ്റർ ജനറൽ തുഷാർ മേത്ത മുതൽ ഇ.ഡി.യുടെ സ്റ്റാൻഡിങ് കോൺസൽവരെ. വീഡിയോ കോൺഫറൻസിലൂടെ തുഷാർ മേത്തയാണ് വാദം തുടങ്ങിയത്. ഒരു മണിയോടെ അദ്ദേഹം തുടർവാദം അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് കൈമാറി. മറ്റൊരു അഡീഷണൽ സൊളിസിറ്റർ ജനറൽ നടരാജനും സ്റ്റാൻഡിങ് കോൺസൽ ടി.എ. ഉണ്ണികൃഷ്ണനുമാണ് ഇ.ഡി.ക്കായി ഹാജരായത്.

ചൊവ്വാഴ്ച സുപ്രീംകോടതി അഭിഭാഷകനായിരിക്കും സംസ്ഥാന സർക്കാരിനുവേണ്ടിയും ഹാജരാകുക.