ഈരാറ്റുപേട്ട: വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി. ബസ്‌ ഓടിക്കാൻ ശ്രമിച്ച്‌ നഷ്ടം വരുത്തിയ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. കെ.എസ്.ആർ.ടി.സി. യൂണിറ്റ് മാനേജരുടെ പരാതിയിൽ, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെതിരേയാണ് പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് കേസെടുത്തത്.

ഒക്ടോബർ 16-നാണ് പൂഞ്ഞാർ പള്ളിക്കുമുന്നിലെ വെള്ളക്കെട്ടിലൂടെ 14 യാത്രക്കാരുമായി ജയദീപ് ബസോടിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കെ.എസ്.ആർ.ടി.സി.ക്ക് 5.33 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആർ.

ദിവസേന 12,000-ത്തോളം രൂപ വരുമാനമുണ്ടായിരുന്ന ബസാണ് വെള്ളത്തിലിറക്കിയത്. വെള്ളപ്പൊക്കത്തിൽ ബസിന്റെ എൻജിനുള്ളിൽ വെള്ളം കയറി. ഇത് നന്നാക്കിയെടുക്കാൻ 3.5 ലക്ഷത്തോളം ചെലവ് വരുമെന്നാണ്‌ വർക്‌ഷോപ്പ് വിഭാഗം നൽകിയ റിപ്പോർട്ട്. 15 ദിവസത്തെ വരുമാനവുംകൂടി പരിഗണിച്ച് നഷ്ടപരിഹാരം നൽകണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുണ്ടക്കയത്തുനിന്ന്‌ ഈരാറ്റുപേട്ടയിലേക്ക് വരുകയായിരുന്നു ബസ്.

content highlights: case against driver who drove ksrtc bus through water