തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ. നേതാവായ മകളുടെ കുഞ്ഞിനെ, പ്രസവിച്ച് മൂന്നാംദിവസം എടുത്തുമാറ്റിയ കേസിൽ സി.പി.എം. ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെടെ ആറുപേർക്കെതിരേ കേസെടുത്തു. സി.പി.എം. പേരൂർക്കട ഏരിയാ കമ്മിറ്റി അംഗം പി.എസ്.ജയചന്ദ്രൻ, ഭാര്യ, മൂത്ത മകൾ, മകളുടെ ഭർത്താവ്, രണ്ട് സുഹൃത്തുക്കൾ എന്നിവരുടെ പേരിലാണ് പേരൂർക്കട പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഏപ്രിലിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്. മുൻ എസ്.എഫ്.ഐ. നേതാവായ അനുപമ എസ്.ചന്ദ്രനാണ് വീട്ടുകാർക്കെതിരേ പരാതി നൽകിയത്. ചൊവ്വാഴ്ച അനുപമയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാളായിരുന്നു. ഈ ദിവസമാണ് പോലീസ് കേസെടുത്തത്. ശിശുക്ഷേമ സമിതിയിൽ നൽകിയ കുഞ്ഞിനെ ദത്ത് നൽകിയതായാണ് വിവരം.

തട്ടിക്കൊണ്ടുപോകൽ, അന്യായമായി വിട്ടുതടങ്കലിൽ പാർപ്പിക്കൽ എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ പോലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് അനുപമ മുദ്രപ്പത്രത്തിൽ എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയതെന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത് ബലം പ്രയോഗിച്ച് ചെയ്യിച്ചതാണെന്ന് അനുപമ മൊഴിനൽകിയിട്ടുണ്ടെന്ന് പേരൂർക്കട പോലീസ് പറഞ്ഞു.

മുൻ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന അജിത്തും അനുമപയും സ്‌നേഹത്തിലായിരുന്നു. വിവാഹിതരാവാതെ ഗർഭം ധരിച്ചതിന്റെ പേരിൽ പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേർന്ന് നിർബന്ധപൂർവം മാറ്റിയെന്നായിരുന്നു അനുപമ നൽകിയ പരാതി. പേരൂർക്കട പോലീസ് മുതൽ മുഖ്യമന്ത്രിക്കും സി.പി.എം. നേതാക്കൾക്കും വരെ പരാതി നൽകിയിരുന്നു. ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത്, അനുപമയ്ക്ക് കുട്ടിയുണ്ടായശേഷം ആദ്യ ഭാര്യയിൽനിന്നു വിവാഹമോചനം നേടി. തുടർന്നാണ് ഇരുവരും പരാതി കൊടുത്തത്.

content highlights: case against cpm leader on daughter's complaint