ആലപ്പുഴ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കാരവൻ ടൂറിസം പദ്ധതിക്കു മികച്ച പ്രതികരണം. കാരവൻ പദ്ധതിക്കായി ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷനിൽ മൂന്നുദിവസംകൊണ്ടു നൂറിലേറെ അപേക്ഷകളാണ് ടൂറിസം വകുപ്പിനു ലഭിച്ചത്. കാരവൻ പാർക്കിനുവേണ്ടി 30 അപേക്ഷകൾ ലഭിച്ചു.

നിലവിൽ മൂന്ന് മോഡലുകളിലുള്ള കാരവാനുകൾ ആളുകളെ പരിചയപ്പെടുത്താനായി മാത്രമാണ് ഒരുക്കിയിട്ടുള്ളത്. സഞ്ചാരികൾക്കുള്ള യാത്ര 2022 ജനുവരി മുതലാണ്.

കാരവൻ പദ്ധതിയിൽ ചേരുന്നവർക്ക് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ വ്യത്യസ്തത തേടുന്ന യുവസംരംഭകരാണു രംഗത്തുവന്നിരിക്കുന്നത്. ആഡംബര സൗകര്യങ്ങൾ നിറഞ്ഞതാണ് കാരവനെങ്കിൽ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലായിരിക്കും പാർക്കിന്റെ രൂപകല്പന. പൊതു-സ്വകാര്യ മേഖയിൽ നടപ്പാക്കുന്ന പദ്ധതിയിൽ സ്വകാര്യ നിക്ഷേപകരും ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവും പങ്കാളികളാകും. നിരക്കിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഓരോ കാരവനും നൽകുന്ന സൗകര്യങ്ങളും സഞ്ചാരവും അടിസ്ഥാനമാക്കിയാവും നിരക്കു നിശ്ചയിക്കുന്നത്. സഞ്ചാരികളുടെ അന്വേഷണം കൂടിയതിനാലാണു സംരഭകർ വലിയ താത്പര്യം കാണിക്കുന്നതെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു. പുരവഞ്ചിയും കാടും മലയും കടലും കോർത്തിണക്കിയുള്ള കാരവൻ വിനോദസഞ്ചാരം കേരളത്തിന്റെ വിനോദസഞ്ചാരമേഖലക്കു വലിയ കരുത്താകുമെന്നാണ് ടൂർ ഓപ്പറേറ്റർമാർ കരുതുന്നത്.