തൃശ്ശൂർ: പാളങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്ന റെയിൽവേ സ്റ്റേഷനിലൂടെ സ്റ്റോപ്പില്ലാത്ത ഒരു തീവണ്ടി പോകുമ്പോഴുള്ള കടപടശബ്ദം ഒഴിവാക്കാനുള്ള ഉപകരണം റെയിൽവേയിൽ വരുന്നു. കാന്റഡ് എന്നുപേരുള്ള ഈ ഉപകരണത്തിന്റെ പരീക്ഷണം പ്രയാഗ്രാജ് ഡിവിഷനിലെ (അലഹബാദ്) സാൻസി റെയിൽവേ സ്റ്റേഷനിൽ വിജയകരമായി. ഘട്ടങ്ങളായി രാജ്യമാകെ നടപ്പാക്കാനുള്ള നടപടിയിലേക്ക് റെയിൽവേ കടന്നു.

ഒന്നിൽ കൂടുതൽ പാളങ്ങളുള്ളതിനാൽ സ്റ്റേഷനുകളിൽ കയറുമ്പോൾ തീവണ്ടികൾ പാളം മാറാറുണ്ട്. വേഗത്തിൽ വരുന്ന തീവണ്ടികളുടെ വേഗം നന്നായി കുറയ്ക്കേണ്ടിയും വരും. സ്റ്റേഷനുകളിലേക്ക് കടക്കുമ്പോൾ, മുമ്പ് വേഗം മണിക്കൂറിൽ 15 കിലോമീറ്ററിലേക്ക് താഴ്‌ത്തിയിരുന്നു. എന്നാൽ, തിക്ക് വെബ് സ്വിച്ച് (thick web switch) എന്ന ഉപകരണം പാളങ്ങൾ കൂടിച്ചേരുന്ന ഭാഗത്ത് ഘടിപ്പിച്ചതോടെ 30 കിലോമീറ്ററിലേക്ക് ഉയർത്തിയിരുന്നു. അതോടെയാണ് സ്റ്റേഷനുകളിലേക്ക് മുമ്പ് തീരെ കുറഞ്ഞ വേഗത്തിൽ ഇഴഞ്ഞുകയറിക്കൊണ്ടിരുന്ന സ്ഥിതി ഒഴിവായത്. ഇങ്ങനെ വേഗം ഉയർത്താൻ കഴിഞ്ഞെങ്കിലും പാളം മാറുന്ന ഭാഗത്ത് വലിയ ശബ്ദവും കോച്ചുകളുടെ വിറയലും ഒഴിവാക്കാൻ കഴിഞ്ഞില്ല. അതിനാണ് കാന്റഡ് എന്ന ഉപകരണം പരീക്ഷിച്ചത്.

മെട്രോ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന ഈ സംവിധാനം സാധാരണ റൂട്ടിൽ പരീക്ഷിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ഗവേഷണവിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) കാന്റഡിന് അനുമതി നൽകിയിട്ടുണ്ട്.