തിരുവനന്തപുരം: പുതിയ സർക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ച ഉഭയകക്ഷിചർച്ചകൾ അന്തിമഘട്ടത്തിൽ. നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും എന്ന നിർദേശം സി.പി.ഐ. അംഗീകരിച്ചു. ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകും. എന്നാൽ, പ്രധാന വകുപ്പുകൾ വിട്ടുനൽകാനാകില്ലെന്ന നിലപാടിലാണ് അവരുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ രണ്ടാംഘട്ട ചർച്ചയിലാണ് തീരുമാനം.

പുതിയ കക്ഷികൾ ഉള്ളതിനാൽ ചില വകുപ്പുകളിലെ മാറ്റം സി.പി.ഐ.യും അംഗീകരിക്കുന്നുണ്ട്. എന്നാൽ, നേരത്തേ കൈയിലുണ്ടായിരുന്ന റവന്യൂ, കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകളൊന്നും വിട്ടുനൽകാനാകില്ലെന്ന നിലപാടിലാണവർ.

17-നു ചേരുന്ന മുന്നണിയോഗത്തിനുമുമ്പായി ഒരുതവണകൂടി കേരള കോൺഗ്രസുമായി ചർച്ചയുണ്ടാകും. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും അവർക്ക് നൽകും. രണ്ടാംവട്ട ചർച്ചയിലാകും ധാരണയാകുക.

കൃഷിവകുപ്പ് ലഭിക്കണമെന്ന ആഗ്രഹം കേരള കോൺഗ്രസിനുണ്ട്. അതിനാണ് സി.പി.ഐ.യുമായുള്ള ചർച്ചയിൽ വകുപ്പുകൈമാറ്റം സംബന്ധിച്ച നിർദേശം സി.പി.എം. മുന്നോട്ടുവെച്ചത്. സി.പി.എമ്മിന്റെ കൈവശമുള്ള പൊതുമരാമത്തുവകുപ്പ് ഇവർക്ക് നൽകിയേക്കുമെന്നു സൂചനയുണ്ട്.

മന്ത്രിമാരുടെ എണ്ണം പരമാവധി 21 ആക്കി ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉൾപ്പെടുത്താമെന്ന നിലപാടിൽ സി.പി.ഐ.ക്കും സി.പി.എമ്മിനും എതിർപ്പില്ല. എന്നാൽ, അങ്ങനെയായാലും രണ്ടുകക്ഷികൾക്കുമാത്രമേ മന്ത്രിസ്ഥാനം നൽകാനാകൂ. ഒറ്റയംഗങ്ങളുള്ള അഞ്ചുകക്ഷികൾ മുന്നണിയിലുണ്ട്. ഒന്നുകിൽ, ഇവർക്ക് ടേം അടിസ്ഥാനമാക്കി മന്ത്രിസ്ഥാനം പങ്കുവെക്കണം. അല്ലെങ്കിൽ ഏതെങ്കിലും മൂന്നുകക്ഷികളെ മാറ്റിനിർത്തണം. ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് സി.പി.എം. ധാരണയാക്കിയശേഷം ഞായറാഴ്ച വീണ്ടും സി.പി.ഐ.യുമായി ചർച്ചനടത്തും.

കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ് എന്നിവർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള ആലോചനയുണ്ട്. ഐ.എൻ.എലിനും പരിഗണന നൽകണമെന്ന് സി.പി.എം. നേതാക്കൾക്കുണ്ട്. ലോക് താന്ത്രിക് ജനതാദൾ, കോൺഗ്രസ് (എസ്) എന്നിവയാണ് മറ്റുരണ്ട് ഒറ്റയംഗ കക്ഷികൾ. ഇവർക്ക് നൽകുന്ന സ്ഥാനങ്ങളെന്തായിരിക്കണമെന്നതിലും സി.പി.എമ്മിൽ ഉടൻ ധാരണയുണ്ടാക്കും.

സി.പി.ഐ. നേതൃയോഗം

മന്ത്രിമാരെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് സി.പി.ഐ. നേതൃയോഗങ്ങൾ 18-നു ചേരും. രാവിലെ 10.30-ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഉച്ചയ്ക്ക് സംസ്ഥാന കൗൺസിലുമാണ് ചേരുക.

content highlights: cant give up important portfolios- cpi