റോം: ഏറെ സന്തോഷവും അഭിമാനവും പകർന്ന നിമിഷങ്ങളിലൂടെയാണ് വത്തിക്കാനിലെത്തിയ ഓരോ വിശ്വാസിയും ഞായറാഴ്ച കടന്നുപോയത്. സെന്റ് പീറ്റേഴ്സ് ചത്വരം കടന്ന്‌ ടൈബർ നദിയുടെ തീരംവരെ ജനസഞ്ചയം നിറഞ്ഞുതുളുമ്പിനിന്നു.

അവിടെ ഓരോരുത്തരുടെ മുഖത്തും അസാധാരണമായൊരു ദിവ്യപ്രകാശം ദർശിക്കാനായി.

വിവിധ ജനപഥങ്ങളിൽ നിന്നെത്തിയ വിശ്വാസികളുടെ പ്രാർഥനകളും പ്രഘോഷണങ്ങളും വത്തിക്കാൻ നഗരത്തെ ആത്മീയപൂരിതമാക്കി. ചടങ്ങുകളിലുടനീളം അത് തെളിഞ്ഞുനിന്നു.

വിശുദ്ധരായി പ്രഖ്യാപിച്ച അഞ്ചുപേരിൽ മൂന്നുപേരും സന്ന്യാസിനികളാണെന്ന് ഫ്രാൻസിസ് പാപ്പ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പുറമ്പോക്കുകളിൽ സ്നേഹസന്ദേശം പകർന്ന് സാക്ഷ്യമേകിയവരാണ് ഇവരെന്ന് പാപ്പ എടുത്തുപറഞ്ഞു. കവിയും ചിന്തകനുമായ കർദിനാൾ ഹെൻറി ന്യൂമാനെ വിശുദ്ധനാക്കുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പ ക്രൈസ്തവജീവിതത്തിന്റെ മഹത്ത്വം വിശദീകരിച്ചു. ഓരോ ക്രിസ്ത്യാനിയുടെ ഉള്ളിലും ലോകത്തിന്റെ ദൃഷ്ടികൾക്ക് ഗോചരമല്ലാത്ത ആഴത്തിലുള്ള നിശബ്ദമായ ആന്തരിക സമാധാനം ഉറങ്ങിക്കിടപ്പുണ്ടെന്ന് പറഞ്ഞ പാപ്പ, വെളിച്ചമേ നയിച്ചാലും എന്ന ന്യൂമാന്റെ വിഖ്യാത കവിതയേയും പരാമർശിച്ചു.

ആദ്യം ആംഗ്ലിക്കൻ സഭാവൈദികനായിരുന്ന ഹെൻറി ന്യൂമാൻ പിന്നീട് കത്തോലിക്കാ സഭയിൽ ചേരുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആംഗ്ലിക്കൻ സഭാ പ്രതിനിധികളെ പാപ്പ പ്രത്യേകം സ്വാഗതം ചെയ്തു. ന്യൂമാന്റെ നാടിനെ പ്രതിനിധാനംചെയ്തെത്തിയ ചാൾസ് രാജകുമാരനെയും ജനസഭാംഗങ്ങളെയും പ്രത്യേകം പരാമർശിക്കാനും പാപ്പ മറന്നില്ല. ചടങ്ങിനുമുമ്പ് ചാൾസ് രാജകുമാരനുമായി പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.

തിരുകുടുംബ സന്ന്യാസിനി സഭയുടെ മേജർ സുപ്പീരിയർ സിസ്റ്റർ ഉദയയും സഭയുടെ പ്രതിനിധികളും മങ്കിടിയാൻ കുടുംബക്കാരും അത്ഭുതരോഗശാന്തി ലഭിച്ച ക്രിസ്റ്റഫറും അദ്ദേഹത്തിന്റെ പിതാവ് ജോഷിയുമൊക്കെ കാഴ്ചസമർപ്പണത്തിൽ പങ്കെടുത്തിരുന്നു. കുർബാനയ്ക്കിടയിൽ സ്പാനിഷ് ഭാഷയിലുള്ള വായന നിർവഹിച്ചത് തിരുകുടുംബ സന്ന്യാസിനി സഭയിലെ അംഗമായിരുന്നു. ചടങ്ങുകൾക്ക് ശേഷം കർദിനാൾമാരുമായും പാപ്പ കൂടിക്കാഴ്ച നടത്തി. അതിഥികൾക്കായി തിരുകുടുംബ സഭ അത്താഴവിരുന്നും ഒരുക്കിയിരുന്നു.

കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ചടങ്ങുകളിൽ സംബന്ധിച്ചു. വത്തിക്കാനിലെ ഇന്ത്യൻ പ്രതിനിധി സിബി ജോർജും കുടുംബവും ഇതോടൊപ്പമുണ്ടായി.

ഈ വലിയ ചടങ്ങിൽ വിശുദ്ധയുടെ മാതൃരൂപതയുടെ അധ്യക്ഷനെന്ന നിലയിൽ സഹകാർമികനാകാനുള്ള ഭാഗ്യവും ദൈവം പ്രദാനം ചെയ്തു. ഇരിങ്ങാലക്കുട രൂപതയെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തമാണിത്. തോമാശ്ലീഹ വിശ്വാസം കൊളുത്തിവെച്ച ഈ രൂപതയിൽ നിന്നുള്ള രണ്ടാമത്തെ വിശുദ്ധയാണ് മറിയം ത്രേസ്യ. കാട്ടൂരിൽ ജനിച്ച വി. എവുപ്രാസ്യാമ്മയാണ് ഈ ഗണത്തിൽ ആദ്യം വരുക. ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നന്ദിയുടെയും നിമിഷങ്ങളാണ്. എല്ലാറ്റിനും ദൈവത്തിന് നന്ദി.

content highlights: canonisation of mariam thresia